ന്യൂയോർക്ക്: ഗാസയിൽ അടിയന്തിരമായി വെടിനിർത്തൽ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ഐക്യരാഷ്ട്ര രക്ഷാസമിതി. 193 അംഗ രാജ്യങ്ങളിൽ 153 പേരും പ്രമേയത്തെ അനുകൂലിച്ചു. അമേരിക്ക ഉൾപ്പെടെ 10 രാജ്യങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ട് രേഖപ്പെടുത്തിയപ്പോൾ 23 രാജ്യങ്ങൾ വിട്ടുനിന്നു.
ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക്, ഗ്വാട്ടിമാല, ഇസ്രയേൽ, ലൈബീരിയ, മൈക്രോനീഷ്യ, നവൂരു, പാപ്പുവ ന്യൂ ഗിനിയ, പാരഗ്വായ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്. ഐക്യരാഷ്ട്ര രക്ഷാസമിതി അംഗങ്ങളായ ഫ്രാൻസ്, ചൈന, റഷ്യ എന്നിവർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ, യുകെ, യുക്രെയ്ൻ, ജർമ്മനി എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
ഏഷ്യാ പസഫിക്ക് മേഖലയിലെ അമേരിക്കയുടെ സുപ്രധാന സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണ കൊറിയക്കുമൊപ്പം ഇന്ത്യയും പ്രമേയത്തെ അനുകൂലിച്ചു. ഇസ്രയേൽ- പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാര മാർഗമാണ് ഇന്ത്യ പിന്തുണയ്ക്കുന്നത്. അതിനാലാണ് പ്രമേയത്തെ അനുകൂലിച്ചതെന്ന് ഇന്ത്യ വ്യക്തമാക്കി.
ലോകത്ത് എല്ലായിടത്തും സമാധാനം പുലരണം എന്നതാണ് ഇന്ത്യയുടെ നയം. അതേസമയം ഏല്ലാ തരത്തിലുള്ള ഭീകരവാദങ്ങളെയും ഇന്ത്യ എതിർക്കും. ഭീകരതയ്ക്കെതായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post