തിരുവനന്തപുരം: സർക്കാർ ഡിപ്പാർട്ട്‌മെന്റുകളെല്ലാം ശബരിമലയെ കറവപ്പശു ആക്കിയിരിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ. കെഎസ്ആർടിസി ഉളള നഷ്ടം മുഴുവൻ തീർക്കുന്നത് ശബരിമല സീസണിൽ കൂടിയാണ്. അയ്യപ്പൻകോളെന്നാണ് അവർ പറയുന്നത്. 30 ശതമാനം കൂടുതൽ തുക വാങ്ങിയാണ് ഒരു വണ്ടിയിൽ അയ്യപ്പൻമാരെ കുത്തി നിറച്ച് കൊണ്ടുപോകുന്നത്. അവർക്ക് പറ്റില്ലെങ്കിൽ സ്വകാര്യ ബസുകൾ അനുവദിച്ചൂകുടെയെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു.
ഒരു കെഎസ്ഇബി ഒരു യൂണിറ്റിന് 15 ഉം 12 ഉം രൂപയാണ് ഈടാക്കുന്നത്. വാട്ടർ അതോറിറ്റി മൂന്ന് പമ്പ് വെച്ച് പമ്പയിൽ നിന്നും വെളളം അടിച്ചുകയറ്റുകയാണ് മുകളിൽ വരെ. എന്നാൽ ശബരിമലയിൽ അടക്കം കുന്നാർ ഡാമിൽ നിന്നുളള സ്വാഭാവിക ഒഴുക്കിൽ വരുന്ന വെളളം ആണ് ഉപയോഗിക്കുന്നത്. അത് പമ്പയിലേക്കും എത്തിച്ചാൽ പോരേ എന്തിനാണ് കെഎസ്ഇബിക്ക് പണം കൊടുക്കുന്നതെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു.
സന്നദ്ധ സംഘടനകൾ സൗജന്യമായി ചെയ്തിരുന്ന അന്നദാനവും വിലക്കി. ദേവസ്വം ബോർഡിനോ സർക്കാരിനോ ഒരു പൈസ പോലും മുടക്കില്ലാതെയാണ് സന്നദ്ധ സംഘടനകൾ അന്നദാനം നടത്തി വന്നത്. അയ്യപ്പസേവാസംഘവും അയ്യപ്പസേവാ സമാജവും പോലുളള സംഘടനകൾ നടത്തി വന്ന അന്നദാനം എന്തിന് നിരോധിച്ചു. ശബരിമലയെ വാണിജ്യകേന്ദ്രമാക്കി മാറ്റിയെടുക്കുകയാണ് സർക്കാർ. ഭക്തർ പണം കൊടുത്ത് ഈ സൗകര്യങ്ങൾ ഉപയോഗിക്കാനുളള സ്ഥിതി ഉണ്ടാക്കുകയാണ് ദേവസ്വം ബോർഡും സർക്കാരുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ധർമ്മശാസ്താവാണ് ശബരിമലയിൽ അവിടെ ധർമ്മശാലകളാണ് ഉണ്ടാകേണ്ടതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
വൃശ്ചികം ഒന്നിന് കുറച്ച് ഉദ്യോഗസ്ഥൻമാരും പോലീസുകാരും എല്ലാവരും ശബരിമലയിൽ എത്തിയാൽ കോടിക്കണക്കിന് വരുന്ന അയ്യപ്പൻമാരുടെ ആവശ്യങ്ങൾ നിറവേറ്റാനാകില്ല. ഇച്ഛാശക്തിയോടുളള ഭരണനേതൃത്വമാണ് ആവശ്യം. ആറര കോടി രൂപയുടെ അരവണയാണ് പാഴായി പോയത്. ആ ആറര കോടി രൂപ കല്ലും മുളളും ചവിട്ടി വൃതവും നോക്കി അവിടെയെത്തുന്ന അയ്യപ്പൻമാരുടെ പണമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. 110 ഏക്കർ ഭൂമി ശബരിമല ക്ഷേത്രത്തിന് ഉണ്ടെന്ന് രേഖകൾ സഹിതം അഭിഭാഷക കമ്മീഷനും സംഘവും ദേവസ്വം കമ്മീഷണറെ അറിയിച്ചിട്ടുളളതാണ്. പക്ഷെ 60 ഏക്കർ ഭൂമി മാത്രമാണ് ദേവസ്വം ബോർഡ് ഉപയോഗിക്കുന്നത്.
മൂന്ന് മാസത്തോളം നീളുന്ന ശബരിമല സീസണിൽ 20 ലക്ഷം വാഹനങ്ങൾ കേരളത്തിൽ അയ്യപ്പൻമാരുടെ ഓടുന്നുണ്ട്. അവർ പെട്രോൾ അടിക്കുന്നു, ആഹാരം കഴിക്കുന്നു, സാധനങ്ങൾ വാങ്ങുന്നു ഇതിലൂടെ കിട്ടുന്ന നികുതിയിൽ എത്ര വരുമാനമാണ് കേരളത്തിൻറെ ഖജനാവിൽ എത്തുന്നതെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു. 10,000 കോടി രൂപയോളം വരുമാനം ഉണ്ടാകുന്നുണ്ട്. മുൻപ് ദേവസ്വം മന്ത്രിയായിരുന്ന ജി സുധാകരൻ പറഞ്ഞ കാര്യമാണിത്. അതിൽ ഒരംശമെങ്കിലും അയ്യപ്പൻമാർക്ക് വേണ്ടി ചിലവഴിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പമ്പയിൽ 50 ഏക്കറോളം ഭൂമി ദേവസ്വം ബോർഡിന് അളന്ന് തിട്ടപ്പെടുത്തി കൊടുത്തിട്ടുണ്ട്. ആറായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ പമ്പയിൽ കഴിയും. അതൊന്നും അനുവദിക്കാതെ എല്ലാം നിലയ്ക്കലിൽ തടഞ്ഞുനിർത്തി എന്തിന് പ്രശ്‌നം രൂക്ഷമാക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ആരാണ് ഇതിന് പിന്നിലെന്നും കുമ്മനം രാജശേഖരൻ ചോദിച്ചു.
ഭക്തരോട് സ്‌നേഹവും പ്രതിബദ്ധതയും ഉണ്ടെങ്കിൽ അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്. ഒരു ടാപ്പ് എങ്കിലും കൂടുതൽ പണിയുന്നുണ്ടോ ഒരു ശൗചാലയം എങ്കിലും കൂടുതൽ പണിയുന്നുണ്ടോ?. മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഒക്കെയാണ് ഇങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുമ്പോൾ ഇടപെടേണ്ടതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ഹിൽടോപ് ദുരന്തത്തിന് ശേഷം ജസ്റ്റീസ് ചന്ദ്രശേഖരമേനോൻ കമ്മീഷൻ ശുപാർശകൾ സമർപ്പിച്ചിട്ടുണ്ട്. 102 അയ്യപ്പൻമാർ പുൽമേടിൽ മരിച്ചപ്പോൾ അന്നും അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ നൽകിയതാണ്. ഒരു കമ്പനി ശബരിമലയയ്ക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. അതൊക്കെ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post