നമ്മുടെ ഇന്ത്യൻ അടുക്കളയിൽ ഒരിക്കലും മാറ്റിവയ്ക്കാൻ പറ്റാത്ത ഒന്നാണ് കടുകെണ്ണ. നമ്മൾക്ക് വെളിച്ചെണ്ണ എത്ര പ്രിയപ്പെട്ടതാണോ അതുപോലെ വടക്കേ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടതാണ് കടുകെണ്ണയും. ധാരാളം ഇന്ത്യൻ വിഭവങ്ങളിലെ രുചിവർദ്ധിപ്പിക്കുന്ന ചേരുവയും ഇത് തന്നെ. എന്നാൽ അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ കടുകെണ്ണ ഭക്ഷ്യ ഉപഭോഗത്തിന് ഉപയോഗിക്കുന്നത് നിരോധമുണ്ട്.
കടുകെണ്ണയോട് നോ പറയാനുള്ള പ്രധാനകാരണം ഇതിനുള്ളിൽ അടങ്ങിയിരിക്കുന്ന എറൂസിക് ആസിഡ് ആണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അനുസരിച്ച്, കടുകെണ്ണയിൽ എറൂസിക് ആസിഡിൻറെ അളവ് വളരെ കൂടുതലാണ്. ഇത് ഒരു തരം കൊഴുപ്പടങ്ങിയ ആസിഡാണ്. അതിനാൽ ഇത് ആരോഗ്യത്തിന് ഹാനികരമായാണ് കണക്കാക്കുന്നത്. ഇവ ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ദഹനപ്രക്രിയ കൃത്യമായി നടക്കില്ലെന്നും അത് മസ്തിഷ്‌ക കോശങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പറയുന്നു. ഓർമ്മക്കുറവ് പോലുള്ള മാനസിക വൈകല്യങ്ങൾക്കും ഇത് കാരണമാകുമെന്നും പഠനങ്ങൾ അവകാശപ്പെടുന്നു. ഈ കാരണങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയും പിന്നാലെ കാനഡയും, യൂറോപ്പ്യൻ രാജ്യങ്ങളും കടുകെണ്ണയുടെ ഉപയോഗം നിരോധിച്ചത്.
എന്നാൽ അമേരിക്കയിൽ കടുകെണ്ണയ്ക്ക് പൂർണ്ണ നിരോധനമില്ല. ഒരു ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്നതിന് മാത്രമാണ് നിരോധനം. ചർമ്മം, മുടി സംരക്ഷണം എന്നിവ പോലുള്ള മറ്റ് കാര്യങ്ങൾക്ക് അമേരിക്കയിൽ കടുകെണ്ണ ഉപയോഗിക്കാം. കടുകെണ്ണയ്ക്ക് പകരം അമേരിക്കയിലും യൂറോപ്പിലും സോയാബീൻ എണ്ണയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്.
Discussion about this post