സന്നിധാനം; ശബരിമല നടവരവിൽ വലിയ കുറവ്. അയ്യപ്പൻമാരുടെ എണ്ണം കൂടിയതാണ് ശബരിമലയിലെ തിരക്കിനിടയാക്കിയതെന്ന് സർക്കാരും ദേവസ്വം ബോർഡും ആവർത്തിക്കുമ്പോഴും മണ്ഡലകാലത്തെ നടവരവ് കഴിഞ്ഞ വർഷത്തേതിനേക്കാൾ കുറവ്. ആദ്യ 28 ദിവസത്തെ കണക്കിൽ 20 കോടിയോളം രൂപയാണ് കുറഞ്ഞത്.
ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ ദേവസ്വം ബോർഡിനും സർക്കാരിനുമേറ്റ വലിയ തിരിച്ചടിയാണ് നടവരവിലെ ഈ വ്യത്യാസം. കഴിഞ്ഞ വർഷം 1,54,77,97,005 കോടി രൂപയായിരുന്നു ശബരിമലയിൽ ആദ്യ 28 ദിവസത്തെ നടവരവ്. എന്നാൽ ഇത്തവണ 1,34,44,90,495 കോടി രൂപ മാത്രമാണ്. അപ്പം, അരവണ വിൽപനയിലൂടെ ലഭിച്ച തുകയിലും കുറവുണ്ട്.
അരവണ വിൽപന കഴിഞ്ഞ വർഷം ഇത് 73.75 കോടിയായിരുന്നത് ഇത്തവണ 61.91 കോടിയായി കുറഞ്ഞു. 11.84 കോടി രൂപയുടെ കുറവാണ് അരവണയുടെ വിറ്റുവരിൽ മാത്രം ഉണ്ടായത്. അപ്പം വിൽപന കഴിഞ്ഞ തവണ 9.43 കോടി രൂപയായിരുന്നത് ഇത്തവണ 8.99 കോടി രൂപയായി ഇടിഞ്ഞു. 44.49 ലക്ഷം രൂപയുടെ വ്യത്യാസമാണ് അപ്പം വിറ്റുവരവിലുണ്ടായത്.
കാണിക്ക വരവിലും കുറവുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയം കാണിക്കയിൽ നിന്നും 46.452 കോടി രൂപ ലഭിച്ചപ്പോൾ ഇക്കുറി 4.65 കോടി രൂപ കുറഞ്ഞ് 41.80 കോടി രൂപയാണ് കാണിക്ക വരവ്. കഴിഞ്ഞ ദിവസം രണ്ടും മൂന്നും ദിവസം മലകയറാനാകാതെ ഭക്തർ നിലയ്ക്കലിലും പാതി വഴിയിലും കുടുങ്ങിയിരുന്നു. ദിവസങ്ങളും മണിക്കൂറുകളും കാത്ത് നിന്നിട്ടും പമ്പയിൽ പോലും എത്താനാകാത്ത സ്ഥിതി വന്നതോടെ അയ്യപ്പൻമാർ യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് പന്തളത്തും മറ്റ് ക്ഷേത്രങ്ങളിലുമെത്തി മാലയൂരി മടങ്ങുകയായിരുന്നു.
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തത് അപ്പം, അരവണ വിതരണത്തെയും അതിലൂടെയുളള വരുമാനത്തെയും കാര്യമായി ബാധിച്ചുവെന്നും ദേവസ്വം ജീവനക്കാർ തന്നെ പറയുന്നു.
Discussion about this post