ന്യൂഡൽഹി: 1971 ലെ യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമ്മയിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ ധീരതയും അർപ്പണബോധവും രാജ്യത്തിന് അഭിമാനത്തിന്റെ ഉറവിടമായി തുടരുന്നു. അവരുടെ ത്യാഗങ്ങളും അചഞ്ചലമായ ചൈതന്യവും ജനങ്ങളുടെ ഹൃദയത്തിലും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലും എന്നെന്നേക്കുമായി നിലനിൽക്കുമെന്ന് മോദി എക്‌സിൽ കുറിച്ചു. അവരുടെ ധീരതയെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നു, അവരുടെ അജയ്യമായ ആത്മാവിനെ ഓർക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
1971ലെ യുദ്ധത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തെ അനുസ്മരിക്കാനായാണ് ഈ ദിനം ആചരിക്കുന്നത്. 93,000 പാക്കിസ്ഥാൻ സൈനികരാണ് ഇന്ത്യയ്ക്ക് മുന്നിൽ കീഴടങ്ങിയത്. ജനറൽ ജഗ്ജിത് സിങ് അറോറയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സേനയാണ് യുദ്ധത്തിൽ പാകിസ്ഥാനെ നേരിട്ടത്.
ഇന്ത്യയുടെ കരുത്തിന് പിന്നിൽ പിടിച്ച് നിൽക്കാൻ സാധിക്കാതെ പാക് സൈനിക മേധാവി ജനറൽ ആമിർ അബ്ദുല്ല ഖാൻ നിയാസിയും 93,000 സൈനികരുമാണ് യുദ്ധം നിർത്തിവെച്ച് ഇന്ത്യൻ സൈനികർക്ക് മുമ്പിൽ കീഴടങ്ങിയത്. 13 ദിവസം മാത്രം നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നാണ് ഇത്. കീഴടങ്ങലിന്റെ ഭാഗമായി ധാക്കയിലെ രാംന റേസ് കോഴ്‌സിൽ വെച്ച് ‘ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടറി’ൽ അദ്ദേഹം ഒപ്പുവെച്ചു.
Discussion about this post