ലക്‌നൗ; ഹിന്ദു യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ 17 കാരിയെ കൊന്ന് കനാലിൽ താഴ്ത്തി സഹോദരനും ബന്ധുവും. ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ ഷീബ എന്ന 17 കാരിയാണ് കൊല്ലപ്പെട്ടത്. സംഠഭവത്തിൽ രണ്ടുപേർ പിടിയിലായി. പെൺകുട്ടിയുടെ സഹോദരനായ 21 വയസ്സുള്ള സൂഫിയാനും 24 വയസ്സുള്ള ബന്ധു മഹ്താബും ആണ് പിടിയിലായത്.
നാട്ടിലെ ഒരു ഹിന്ദു യുവാവുമായി ഷീബ പ്രണയത്തിലായിരുന്നു. അവളുടെ സഹോദരനായ 21 വയസ്സുള്ള സൂഫിയാനും കുടുംബത്തിനും ഇഷ്ടപ്പെട്ടില്ല. തുടർന്ന് വീട്ടുകാർ അവളെ ഡൽഹിയിലുള്ള 24 വയസ്സുള്ള ബന്ധു മഹ്താബിന്റെ അടുത്തേക്ക് അയച്ചു. എന്നാൽ പെൺകുട്ടി ഫോൺ മുഖേന കാമുകനുമായുള്ള ബന്ധം തുടർന്നു. മഹ്താബ് വഴി കുടുംബം ഇതറിഞ്ഞു. പിന്നാലെ സഹോദരനും ബന്ധുവും ഷീബയെ സവാരിയ്ക്ക് കൊണ്ട് പോകാനെന്ന വ്യാജേന ഗാസിയാബാദിലെ മുറാദ്‌നഗറിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെ വച്ച് ഷീബയെ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഇവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സമീപത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം ഇവരെ തടഞ്ഞു. പരിഭ്രാന്തരായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തായത്.
ചോദ്യം ചെയ്യലിൽ സഹോദരിയുടെ പ്രണയത്തെ തുടർന്ന് സമൂഹത്തിൽ തങ്ങൾ അപമാനിക്കപ്പെടുന്നുവെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും പ്രതികൾ പറഞ്ഞതായി ഡിസിപി പറഞ്ഞു.
Discussion about this post