ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ഭീതി വീണ്ടും ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്രം.
തിരുവനന്തപുരം ജില്ലയിലെ കരകുളത്ത് നിന്ന് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 79കാരിയിലാണ് രോഗം കണ്ടെത്തിയത്. നേരത്തെ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ നിന്നുള്ള ഒരു യാത്രക്കാരന് സിംഗപ്പൂരിൽ വച്ചും രോഗം സ്ഥിരീകരിച്ചിരുന്നു.
വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്ത്, രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ആവശ്യമായ പൊതുജനാരോഗ്യ നടപടികളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തേണ്ടതുണ്ടെന്ന് കേന്ദ്രം നിര്‍ദേശിച്ചു.
നേരിയ പനി, ചുമ, മൂക്കിലെ അസ്വാസ്ഥ്യം, തൊണ്ടവേദന, മൂക്കൊലിപ്പ്, മുഖത്ത് വേദന, തലവേദന, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണ് പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍.
അതേസമയം, ഈ സാഹചര്യത്തില്‍ മുതിർന്ന പൗരന്മാരോട് മാസ്‌ക് ധരിക്കാൻ കർണടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു നിര്‍ദേശിച്ചു. മുതിർന്ന പൗരന്മാരും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരും മാസ്‌ക് ധരിക്കണമെന്നാണ് അദ്ദേഹം അഭ്യർത്ഥിച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1600 ലധികം പേർക്ക് രോഗം വന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. എന്നാൽ, കേരളത്തിൽ ആദ്യം ഒമിക്രോൺ ജെഎൻ 1 ഉപവകഭേദം കണ്ടെത്തിയതിന്റെ അര്‍ത്ഥം അത് ആദ്യമുണ്ടായത് കേരളത്തിലാണെന്നല്ല. നവംബർ മുതൽ സംസ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർദ്ധനയുണ്ടായിരുന്നു. ഒന്നര മാസത്തിനിടെ കേരളത്തിൽ മരിച്ച 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
നിലവിൽ രാജ്യത്ത് 1828 ആക്ടീവ് കേസുകളാണ് ഉള്ളത്. കേരളത്തിൽ മാത്രം 1634 കേസുകളാണ് സജീവമായി നിലനിൽക്കുന്നത്. തമിഴ്നാട്ടിൽ 15 പേർക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. കർണാടകയിൽ ഇന്നലെ രണ്ട് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആക്ടീവ് കേസുകളുടെ എണ്ണം 60 ആയി ഉയർന്നു. ഗോവയിൽ രണ്ട് കേസുകളും ഗുജറാത്തിൽ ഒരു കേസും ഇന്നലെ അധികമായി റിപ്പോർട്ട് ചെയ്തു.
Discussion about this post