പാലക്കാട്: നീണ്ട നാളത്തെ കഠിനാധ്വാനവും കഷ്ടപ്പാടുകളും മറികടന്ന് എംബിബിഎസ് എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തിയിരിക്കുകയാണ് ട്രാന്‍സ് വുമൺ പാലക്കാട് അകത്തേത്തറ സ്വദേശി ഡോ വിഭ ഉഷ രാധാകൃഷ്ണന്‍. കേരളത്തിലെ ആദ്യ ട്രാന്‍സ് വുമൺ എംബിബിഎസ് ഡോക്ടർ എന്ന അഭിമാനം ഇന്ന് വിഭയ്ക്ക് സ്വന്തമാണ്. ആൺ ശരീരത്തിൽ സ്ത്രീയുടെ മനസുമായി വിഭ ജീവിച്ചത് 20 വർഷമാണ്. എന്നാൽ, ഏറെ കഷ്ടപ്പാടുകൾ സഹിച്ചും ഇവിടെ വരെ എത്തുവാൻ തനിക്ക് പുന്തുണയേകിയത് കുടുംബമാണെന്ന് വിഭ പറയുന്നു.
വിപിൻ എന്നായിരുന്നു ആദ്യ പേര്. തന്റെ ഉള്ളിലെ സ്ത്രീയായി ജീവിക്കണമെന്ന ആഗ്രഹം ആദ്യം തുറന്നു പറഞ്ഞത് വിഭയുടെ അമ്മയോട് തന്നെയായിരുന്നു. ആദ്യം അമ്പരപ്പുണ്ടായി എങ്കിലും തന്റെ മകന്റെ ആഗ്രഹത്തിൽ അമ്മ കൂടെ നിന്നു. മൂത്തത് ആൺകുട്ടിയായിരുന്നു. തനിക്ക് ഒരു മകൾ ജനിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. തന്റെ ആ ആഗ്രഹം ഇങ്ങനെ സാക്ഷാത്കരിക്കുകയാണെന്നാണ് വിശ്വസിച്ചത്. ഇപ്പോൾ തനിക്കൊരു മകളുണ്ടെന്ന് വിഭയുടെ അമ്മ പറയുന്നു.
അമ്മക്കൊപ്പം സഹോദരനും കുടുംബവും കോഴിക്കോട് മെഡിക്കല്‍ കോളജിലെ സഹപാഠികളും തനിക്ക് കരുത്തേകി. പഠന നാളുകളിലെ ഹോർമോൺ തെറാപ്പികൾ മനസിനെ തളർത്തിയിരുന്നില്ല. ഒരുപാട് വേദനകൾ സഹിച്ചാണ് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയത്. എന്നാൽ, എല്ലാ വേദനകൾക്കും ഫലമുണ്ടായി. വിഭയിപ്പോൾ വീടിനടുത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുകയാണ്. ആത്മവിശ്വാസം കൈവിടാതെ ഉപരിപഠനത്തിനായി വിദേശ യാത്രയ്ക്കൊരുങ്ങുകയാണ് വിഭ.
Discussion about this post