ന്യൂഡൽഹി: ഇൻഡി സഖ്യത്തിന്റെ ഇന്നത്തെ യോഗത്തിൽ തന്റെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ് ഉയർന്ന് വന്നതിനോട് പ്രതികരിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.
ആദ്യം ജയിക്കണം. ആര് പ്രധാനമന്ത്രിയാകുമെന്നത് പിന്നീടുള്ള കാര്യമാമെന്ന് ഖാർഗെ പറഞ്ഞു. ഞങ്ങൾ ആദ്യം വിജയിക്കണം, വിജയിക്കാൻ എന്തുചെയ്യണമെന്ന് ചിന്തിക്കുക. എംപിമാർ ഉണ്ടാകുന്നതിന് മുമ്പ് പ്രധാനമന്ത്രിയെ കുറിച്ച് ചർച്ച ചെയ്തിട്ട് എന്ത് കാര്യം. ഞങ്ങൾ ഒരുമിച്ച് ഭൂരിപക്ഷം നേടാൻ ശ്രമിക്കുമെന്നായിരുന്നു ഖാർഗെയുടെ മറുപടി.
ഇന്ന് നടന്ന മുന്നണി യോഗത്തിൽ മമതബാനർജിയും അരവിന്ദ് കെജ്രിവാളുമാണ് ഖാർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. ഇത് യോഗത്തിന് ശേഷം എംഡിഎംകെ നേതാവ് വൈകോയും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഇൻഡി സഖ്യത്തിലെ മറ്റ് നേതാക്കളാരും ഇതിനോട് പ്രതികരിച്ചില്ല. ഇൻഡി സഖ്യത്തിന്റെ യോഗത്തിന് മുന്നോടിയായി മമതയും കെജ്രിവാളും പരസ്പരം കൂടിക്കാഴ്ച നടത്തിയത് രാഹുലിനെ തള്ളി മറ്റ് ആരെയെങ്കിലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അവരോധിക്കാൻ സമ്മർദ്ദം ചെലുത്താനാണെന്ന് വിമർശനം ഉയർന്നത് ശരിവയ്ക്കുന്നതാണ് ഇന്നത്തെ സംഭവവികാസങ്ങൾ.
Discussion about this post