ആർത്തവ വേദന കുറയ്ക്കാൻ ഗർഭനിരോധന ഗുളിക കഴിച്ച 16 കാരിയ്ക്ക് ദാരുണാന്ത്യം. യുകെയിലാണ് സംഭവം. ലൈല ഖാൻ എന്ന പതിനാറുകാരിയാണ് മരിച്ചത്. സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരമാണ് ആർത്തവ വേദനയ്ക്ക് ഗർഭനിരോധന ഗുളിക നാല് ദിവസത്തോളം തുടർച്ചയായി കഴിച്ചത്. തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ച് ദിവസങ്ങൾക്കുള്ളിൽ പെൺകുട്ടി മരിക്കുകയായിരുന്നു.
നവംബർ 25 നാണ് ആദ്യമായി ലൈല ഗുളികകൾ കഴിക്കാൻ ആരംഭിച്ചത്. ഡിസംബർ 5 ഓടെ പെൺകുട്ടിക്ക് കഠിനമായ തലവേദനയും ഛർദിയും അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് വൈദ്യസഹായം തേടി പെൺകുട്ടിയുടെ കുടുംബം ആശുപത്രിയെ ബന്ധപ്പെട്ടെങ്കിലും അപകടകരമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പിറ്റേ ദിവസം ചെക്കപ്പിനായി ആശുപത്രിയിലേക്ക് കൊണ്ടുവന്നാൽ മതി എന്ന് പറഞ്ഞു. എന്നാൽ ഞായറാഴ്ച രാത്രി തന്നെ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. നിർത്താതെ ഛർദ്ദിക്കുകയും ചെയ്തു.
സാധാരണ വയറുവേദനയാണെന്ന് കരുതി ആൻറി സിക്‌നെസ് ഗുളികകളും നൽകി. എന്നാൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ പെൺകുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.
ബാത്‌റൂമിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് പെൺകുട്ടിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചത്.അപ്പോഴേക്കും രക്തം കട്ടപിടിച്ച് ലൈലയുടെ തലച്ചോറിന് കാര്യമായ വീക്കം സംഭവിച്ചിരുന്നു. ആശുപത്രിയിൽ എത്തി 48 മണിക്കൂറിനുള്ളിൽ തന്നെ പെൺകുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചു എന്നും ലൈലയുടെ അമ്മ പറഞ്ഞു
അതേസമയം, മരിച്ച പെൺകുട്ടിയുടെ അവയവങ്ങൾ കുടുംബം ദാനം ചെയ്തതായാണ് റിപ്പോർട്ട്. ലൈലയുടെ അവയവങ്ങൾ വഴി അഞ്ച് ജീവൻ രക്ഷിച്ചതായാണ് വിവരം
അതേസമയം ഈ മാസം ആദ്യം വേദനസംഹാരിയായി ഉപയോഗിക്കുന്ന മെഫെനാമിക് ആസിഡിന്റെ പാർശ്വഫലങ്ങളെപ്പറ്റി കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. തലവേദന, ആർത്തവ വേദന, പേശീവേദന, സന്ധിവേദന എന്നിവയകറ്റാനായി ഇന്ത്യയിലെ ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന മരുന്ന് കൂടിയാണ് മെഫെനാമിക് ആസിഡ് എന്ന മെഫ്താൽ. കൂടാതെ കുട്ടികളിലുണ്ടാകുന്ന പനിയ്ക്കും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്.മെഫ്താൽ എന്ന പേരിലാണ് ഈ മരുന്ന് അറിയപ്പെടുന്നത്. ഇന്ത്യൻ ഫാർമകോപ്പിയ കമ്മീഷൻ (ഐപിസി) ആണ് മരുന്നിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് പുറത്തിറക്കിയത്.
മെഫെനാമിക് ആസിഡ് ഗുളികകൾ ഇസ്നോഫീലിയ, DRESS സിൻഡ്രോം എന്നീ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫാർമകോവിജിലൻസ് പ്രോഗ്രാം ഓഫ് ഇന്ത്യ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ മരുന്നുകളുടെ പാർശ്വഫലങ്ങളെപ്പറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
ബ്ലൂ ക്രോസ് ലബോറട്ടറീസിന്റെ മെഫ്താൽ, മാൻകൈൻഡ് ഫാർമയുടെ മെഫ്‌കൈൻഡ് പി, ഫൈസറിന്റെ പോൺസ്റ്റാൻ, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഫനോർമം എന്നിവയാണ് ഈ മരുന്നിന്റെ വിവിധ ബ്രാൻഡുകൾ.
Discussion about this post