തിരുവനന്തപുരം: തനിക്കെതിരെ കോൺഗ്രസ് നേതാക്കൾ ഉയർത്തുന്ന ആരോപണങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ. യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ഭീരുവായ മുഖ്യമന്ത്രി എന്ന വി ഡി സതീശൻറെ പ്രസ്താവനയ്ക്കായിരുന്നു പിണറായി വിജയൻറെ മറുപടി. തനിക്ക് സതീശന്റെ അത്ര ധൈര്യമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡൻറ് സുധാകരനോട് ചോദിച്ചാൽ അറിയാമെന്നും കൂട്ടിച്ചേർത്തു..
തനിക്ക് വിഡി സതീശന്റെ അത്ര ധൈര്യമില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പൊതുപ്രവർത്തർത്തന രംഗത്ത് പോകേണ്ട സ്ഥലങ്ങളിലെല്ലാം പോയിട്ടുണ്ട്. അത് പോലീസ് സംരക്ഷണയിലല്ല, കമ്യൂണിസ്റ്റ് എന്ന നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു. നാണമുണ്ടോ എന്ന് ചോദിക്കുന്നു. ഏത് കാര്യത്തിനാണ് നാണിക്കേണ്ടത്? ഭയമുണ്ടോയെന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ അറിയാം. ഭീരുവായ മുഖ്യമന്ത്രിയ്ക്ക് നാണമുണ്ടോയെന്ന വിഡി സതീശന്റെ പ്രസ്താവനയ്ക്കാണ് മറുപടി. മനുഷ്യരെ സ്‌നേഹിക്കാൻ പഠിക്കണം. തനിക്ക് ക്രമിനൽ മനസാണോ എന്ന് ജനമാണ് വിലയിരുത്തേണ്ടത്. മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും. ആ സാമ്രാജ്യത്തെ കുറിച്ച് സതീശന് അറിയില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്. യൂത്ത് പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെ അല്ലേ ഇപ്പോൾ എന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഞാൻ ഏതെങ്കിലും വിഭാഗത്തിന്റെ മഹാരാജാവല്ല, ഞങ്ങൾ ജനങ്ങളുടെ ദാസൻമാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർഭരണം ഞങ്ങൾക്ക് ജനം തന്നതിൽ കോൺഗ്രസിന് കലിപ്പുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം 2021ലെ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി കോൺഗ്രസ് ഒത്തുകളിച്ചുവെന്നും ആരോപിച്ചു.
ജനകീയ സർക്കാർ എന്ന വിശേഷണം അന്വർത്ഥമാക്കുന്ന പങ്കാളിത്തവും സ്വീകരണവുമാണ് എല്ലാ മേഖലകളിലും നവകേരള സദസിന് ഉണ്ടായതെന്നും അവിടേക്ക് ജനങ്ങൾ കൂട്ടത്തോടെ എത്തുന്നത് ചിലരെയെങ്കിലും അസ്വസ്ഥരാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട വിഷയങ്ങളാണ് നവകേരള സദസ് ചർച്ച ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post