ന്യൂഡൽഹി: പാർലമെന്റിൽ ക്രിമിനൽ നിയമഭേദഗതി ബില്ലുകളുടെ ചർച്ചയ്ക്കിടെ പ്രതിപക്ഷത്തെ ട്രോളി അമിത് ഷാ. പുതിയ നിയമബില്ലുകൾ മനസിലായില്ലെന്ന പ്രതിപക്ഷ വിമർശനത്തോടായിരുന്നു അമിത് ഷായുടെ വാക്കുകൾ. നിങ്ങളുടെ മനസ് ഇന്ത്യയ്‌ക്കൊപ്പം ആണെങ്കിൽ മനസിലാകും. ഇറ്റലിക്കൊപ്പം ആണെങ്കിൽ മനസിലാകില്ല. അമിത് ഷാ പറഞ്ഞു.
ബ്രിട്ടീഷുകാർ രൂപം നൽകിയ കൊളോണിയൽ നിയമ വ്യവസ്ഥകളുടെ പരിഷ്‌കരണം ലക്ഷ്യമിട്ട് അവതരിപ്പിച്ച
ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ നാഗരീക സുരക്ഷാ സംഹിത 2023, ഭാരതീയ സാക്ഷ്യ ബിൽ 2023 എന്നീ ബില്ലുകളാണ് സഭ ശബ്ദവോട്ടോടെ പാസാക്കിയത്. ബില്ലുകൾ ശബ്ദവോട്ടോടെ ലോക്‌സഭ പാസാക്കുകയും ചെയ്തു. ബില്ലുകളിൽ ലോക്‌സഭയിൽ നടന്ന ചർച്ചകൾക്ക് മറുപടി പറയവേയായിരുന്നു അമിത് ഷാ പ്രതിപക്ഷ നിലപാടിനെ വിമർശിച്ചത്.
ഇതൊന്നും മനസിലായില്ലെന്ന് പറയുന്നവരോട് ഒന്നേ പറയാനുളളൂ. നിങ്ങൾക്ക് തുറന്ന മനസാണെങ്കിൽ അത് ഇന്ത്യയ്‌ക്കൊപ്പമാകണം. അല്ലാതെ ഇറ്റലിക്കൊപ്പമാണെങ്കിൽ ഒന്നും മനസിലാകില്ല. ഇത് ഭാഷയുടെ പ്രശ്‌നമല്ല മനസിന്റെ പ്രശ്‌നമാണ്. മനസ് ഇന്ത്യയ്‌ക്കൊപ്പമാണെങ്കിൽ പെട്ടന്ന് മനസിലാകും. അല്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും മനസിലാകില്ല അമിത് ഷാ പറഞ്ഞു.
നീതി നടപ്പാക്കുക എന്നത് ഒരു രാജ്യത്തിന്റെ പ്രഥമ ഉത്തരവാദിത്വമാണ്. ഭരണഘടനാ ശിൽപികൾ ജുഡീഷ്യറി, ഉദ്യോഗസ്ഥർ, നിയമനിർമാണ സഭകൾ എന്നിങ്ങനെ ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളിലാണ് ആ ദൗത്യം ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഈ മൂന്ന് തൂണുകളും ചേർന്ന് നീതി നടപ്പാക്കുന്നതിൽ അധിഷ്ഠിതമായ ക്രിമിനൽ നിയമവ്യവസ്ഥ അവതരിപ്പിക്കുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ശിക്ഷ നടപ്പാക്കുകയല്ല നീതി നടപ്പാക്കുകയാണ് നിയമവ്യവസ്ഥയുടെ ലക്ഷ്യമെന്നും അതാണ് ഇവിടെ നിർവ്വഹിക്കപ്പെടുകയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
പുതിയ നിയമപ്രകാരം ആൾക്കൂട്ട കൊലപാതകങ്ങൾ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണെന്നും അമിത് ഷാ പറഞ്ഞു. നിയമം ഇവിടെയാണ് (പാർലമെന്റ്) രൂപീകരിക്കപ്പെടുന്നത്. ഉദ്യോഗസ്ഥർ അത് നിർവ്വഹിക്കുന്നു. നീതിന്യായ സംവിധാനം അത് മുന്നോട്ടുകൊണ്ടുപോകുന്നു. ഈ മൂന്ന് അവയവങ്ങൾ ഒരുമിച്ചാണ് നീതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post