അഹമ്മദാബാദ്: ഇന്ത്യയില്‍ മറ്റൊരു ചരിത്രം കുറിക്കാന്‍ ഒരുങ്ങി, ആദ്യ സൗരദൗത്യം ആദിത്യ എൽ വൺ പുതു വര്‍ഷത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തും. ജനുവരി ആറിന് ആകും ആദിത്യ ഒന്നാം ലഗ്രാഞ്ച് പോയിൻ്റിൽ എത്തുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു.
രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ 3 ന്റെ വിജയത്തിന് പിന്നാലെ സെപ്തംബര്‍ രണ്ടാം തിയ്യതിയാണ് ആദിത്യ വിക്ഷേപിച്ചത്. 126 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് ആദിത്യ ലക്ഷ്യത്തിലേക്ക് എത്തുന്നത്. പേടകത്തിലെ ഉപകരണങ്ങളുടെ പ്രവർത്തനം തൃപ്തികരമാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വബലം തുല്യമായി അനുഭവപ്പെടുന്ന അഞ്ച് പോയിന്റുകളിൽ ഒന്നാണ് ആദിത്യ-എൽ1 ലക്ഷ്യമിടുന്ന ലഗ്രാഞ്ച് – 1.
ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ഇത്. ആദിത്യ എല്‍ വൺ ലഗ്രാഞ്ച് പോയിന്റില്‍ എത്തുന്നതിന്റെ കൃത്യമായ സമയം പിന്നീട് അറിയിക്കും.
എല്‍ വണ്‍ പോയിന്റില്‍ എത്തുന്നതോടെ ആദിത്യയിലെ എഞ്ചിന്‍ ഒന്നുകൂടി പ്രവര്‍ത്തിപ്പിച്ച് കൂടുതല്‍ മുന്നോട്ട് പോകാതെ അവിടെ തന്നെ നിലയുറപ്പിക്കും. പിന്നീട് അതേ സ്ഥാനത്തു നിന്നു തന്നെ ഭ്രമണം ചെയ്യാന്‍ തുടങ്ങും.
ഇന്ത്യയുടെ ഈ ദൗത്യം വിജയം കാണുന്നതോടെ അടുത്ത അഞ്ചു വര്‍ഷം സൂര്യന് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് നമുക്ക് പഠിക്കാനാകും. ഈ പഠനങ്ങൾ ലോകത്തിനു മുഴുവന്‍ സഹായകമാകുമെന്ന് അഹമ്മദാബാദിൽ വിജ്ഞാന ഭാരതി എന്ന സംഘടന സംഘടിപ്പിച്ച ഭാരതീയ വിജ്ഞാന്‍ സമ്മേളനത്തില്‍ സംസാരിക്കവെ ഐഎസ്ആർഒ ചെയർമാൻ വ്യക്തമാക്കി.
സാങ്കേതികമായ അതിശക്തമായ ഒരു രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഏഴ് പേലോഡുകൾ അടങ്ങുന്നതാണ് ആദിത്യ എൽ വണ്‍ പേടകം. എല്ലാ ഉപകരണങ്ങളും ഇന്ത്യ തദ്ദേശീയമായി നിർമിച്ചതാണ്. ഇതിൽ നാല് ഉപകരണങ്ങൾ സൂര്യനെക്കുറിച്ചും മൂന്ന് ഉപകരണങ്ങൾ ലഗ്രാഞ്ച് ഒന്നിന്റെ പ്രത്യേകതകളെക്കുറിച്ചും പഠിക്കും. ഭൂമിയുടെ സ്വാധീനമണ്ഡലത്തിൽ നിന്ന് ഐഎസ്ആർഒ പുറത്ത് കടത്തുന്ന രണ്ടാമത്തെ പേടകമാണ് ആദിത്യ എൽ വണ്‍. ചൊവ്വയെക്കുറിച്ച് പഠിക്കാൻ അയച്ച മംഗൾയാൻ പേടകമാണ് ഇതിനു മുൻപ് ഭൂമിയുടെ സ്വാധീനവലയം ഭേദിച്ചത്.
Discussion about this post