മെൽബൺ: ഇന്നിംഗ്സിലെ അവസാന ഓവറിൽ ബാറ്റ്സ്മാന്മാർ കൂട്ടത്തോടെ കൂടാരം കയറിയതോടെ, ഹെൽമെറ്റും ഗ്ലൗസും പാഡും ധരിക്കാതെ ബാറ്റുമായി നേരെ ക്രീസിലേക്ക് ഓടി പാക് താരം ഹാരീസ് റൗഫ്. ഓസ്ട്രേലിയൻ ട്വന്റി 20 ലീഗായ ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടറിനെതിരായ മത്സരത്തിലായിരുന്നു മെൽബൺ സ്റ്റാഴ്സ് താരം ഹാരീസ് റൗഫ് തയ്യാറെടുപ്പുകൾ പൂർത്തിയാക്കും മുൻപ് ക്രീസിലേക്ക് ഇറങ്ങി ഓടിയത്.
പേസർ ഡാനിയൽ സാംസ് എറിഞ്ഞ ഇരുപതാം ഓവറിലായിരുന്നു നാടകീയ സംഭവം. ഓവറിലെ ആദ്യ രണ്ട് പന്തുകളിലും സ്റ്റാഴ്സ് താരങ്ങൾ ഓരോ സിംഗിളുകൾ വീതം എടുത്തു. 6 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എന്ന നിലയിലായിരുന്നു അവരപ്പോൾ. തുടർന്നുള്ള മൂന്ന് പന്തുകളിലും വിക്കറ്റ് വീണതോടെയാണ്, പതിനൊന്നാമനായ റൗഫിന് തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നതിന് മുൻപേ ക്രീസിൽ എത്തേണ്ടി വന്നത്.
ബ്യൂ വെബ്സ്റ്റർ ആയിരുന്നു ഓവറിൽ ആദ്യം പുറത്തായത്. സാംസ് തന്നെയായിരുന്നു ക്യാച്ച് എടുത്തത്. തുടർന്ന് വന്ന പാക് താരം ഉസാമ മിർ ഗോൾഡൻ ഡക്ക് ആയി. അടുത്ത പന്തിൽ മാർക്ക് സ്റ്റെക്ടീ റൺ ഔട്ട് ആയതോടെയാണ് റൗഫ് ക്രീസിലേക്ക് പാഞ്ഞിറങ്ങിയത്.
റൗഫിന്റെ ഭാഗ്യത്തിന് അവസാന പന്തിൽ ലിയാം ഡോസൺ ആയിരുന്നു സ്ട്രൈക്കിംഗ് എൻഡിൽ. ഏതായാലും അവസാന പന്ത് എറിയുന്നതിന് മുൻപേ വല്ലവിധേനയും ഹെൽമെറ്റും ഗ്ലൗസും ധരിക്കാൻ റൗഫിന് സാധിച്ചു. ഭാഗ്യവശാൽ പന്തൊന്നും നേരിടേണ്ടി വരാത്തത് റൗഫിന് രക്ഷയായി.
https://twitter.com/BBL/status/1738445971972096196?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1738445971972096196%7Ctwgr%5E9aefaf8cddb8a0c14e00e77cf6b28130d9a9adf5%7Ctwcon%5Es1_&ref_url=https%3A%2F%2Ftimesofindia.indiatimes.com%2Fsports%2Fcricket%2Fnews%2Fwatch-unprepared-haris-rauf-comes-out-to-bat-without-pads-in-bbl-match%2Farticleshow%2F106233075.cms
അവസാന നാല് പന്തുകളിലും റൺ ഒന്നും നേടാൻ സാധിക്കാത്തതിനാൽ സ്റ്റാഴ്സിന്റെ ഇന്നിംഗ്സ് 172ൽ തന്നെ അവസാനിച്ചു. മത്സരത്തിൽ 10 പന്ത് ശേഷിക്കെ സിഡ്നി തണ്ടർ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.
Discussion about this post