നേപ്പാൾ : ശ്രീരാമ പ്രതിഷ്ഠ മഹോത്സവത്തിന് ഉപഹാരമെത്തിക്കാനൊരുങ്ങി നേപ്പാൾ. ആഭരണങ്ങളും , വസ്ത്രങ്ങളും മധുരപലഹാരങ്ങളുമാണ് ശ്രീരാമ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് നേപ്പാളിൽ നിന്ന് എത്തിക്കുക. ജാനക്പൂർധാമിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള യാത്രയുടെ ഭാഗമായാണ് ഉപഹാരങ്ങളെത്തുന്നത്. സഹസ്രാബ്ദങ്ങളായുള്ള സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിച്ച് ഉപഹാരങ്ങൾ ജനുവരി 20 ന് അയോദ്ധ്യയിൽ എത്തും.
ജനുവരി 18 നാണ് നേപ്പാളിൽ നിന്ന് യാത്ര ആരംഭിക്കുന്നത്. ജനുവരി 20 ന് അയോദ്ധ്യയിലെത്തും. ശ്രീരാം ജന്മഭൂമി മന്ദിർ ട്രസ്റ്റിന് അന്ന് ഉപഹാരങ്ങൾ സമ്മാനിക്കുമെന്ന് ജാനകി ക്ഷേത്രം ഉപ മഹന്ത് വ്യക്തമാക്കി. ജാനക്പൂർധാമിൽ നിന്ന് ആരംഭിക്കുന്ന യാത്ര ജലേശ്വർ നാഥ്, മലാംഗ്വ, സിമ്രോൻഗഥ്, ഗാധിമായ്, കുശിനഗർ, സിദ്ധാർത്ഥ് നഗർ, ഗോരഖ്പൂർ എന്നീ സ്ഥലങ്ങളിലൂടെയാണ് കടന്നു പോവുക.
നേപ്പാളിൽ കാളിഗണ്ഡകി നദീ തീരത്തു നിന്ന് ശേഖരിച്ച സാളഗ്രാമങ്ങൾ നേരത്തെ അയോദ്ധ്യയിലേക്ക് അയച്ച് കൊടുത്തിരുന്നു. ശ്രീരാമ ദേവന്റെ പ്രതിമ നിർമ്മിക്കാൻ വേണ്ടിയായിരുന്നു ഇത്. ശ്രീരാമ പ്രതിഷ്ഠ ദിനത്തിൽ ഈ പ്രതിമ സ്ഥാപിക്കുമെന്നും നേപ്പാളിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ജനുവരി 22 ലെ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് രാമക്ഷേത്ര നിർമാണം അതിവേഗതയിലാണ് പുരോഗമിക്കുന്നത്. നിർമാണത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ രാമക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ സജ്ജീകരണങ്ങളാണ് അയോദ്ധ്യയിൽ ഒരുക്കിയിട്ടുള്ളത്. ഭാരതത്തിലെ എല്ലാ സന്യാസി പരമ്പരയിലേയും പ്രധാന സന്യാസിമാരെ പ്രതിഷ്ഠ ദിനവുമായി ബന്ധപ്പെട്ട് ക്ഷണിച്ചിട്ടുണ്ട്. ആശുപത്രി ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഡോക്ടർമാരുടെ സംഘവും അയോദ്ധ്യയിൽ ഒരുക്കുന്നുണ്ട്. പ്രതിഷ്ഠ ദിനത്തിനു മുന്നോടിയായിട്ടുള്ള ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കും.
Discussion about this post