ന്യൂഡൽഹി: ഹിന്ദി സംസാരിക്കുന്നവർ ദക്ഷിണേന്ത്യക്കാരുടെ കക്കൂസ് കഴുകുന്നവരാണ് എന്ന ഡിഎംകെ എം പി ദയാനിധി മാരന്റെ പരാമർശത്തിനെതിരെ ഇൻഡി സഖ്യത്തിനുള്ളിൽ തന്നെ പ്രതിഷേധം ഉയരുന്നു. മാരന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ആർ ജെ ഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. മാരന്റെ പരാമർശം അപലപനീയമാണെന്ന് തേജസ്വി പറഞ്ഞു.
ഇത് അംഗീകരിക്കാനാവില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള നേതാക്കൾ, അവർ ഏത് പാർട്ടിയിൽ പെട്ടവരുമാകട്ടെ, ഇത്തരം പരാമർശങ്ങൾ നടത്താൻ പാടില്ല. രാജ്യം ഒന്നാണ്. നമ്മൾ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരെ ബഹുമാനിക്കുമ്പോൾ അവരിൽ നിന്നും തിരിച്ചും അത് പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരം പ്രസ്താവനകൾ പാടുള്ളതല്ല. തേജസ്വി യാദവ് പറഞ്ഞു.
അതേസമയം, ഹിന്ദി സംസാരിക്കുന്നവർക്കെതിരായ ദയാനിധി മാരന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി. ഇൻഡി സഖ്യ നേതാവിന്റെ വിവാദ പരാമർശത്തിൽ മുതിർന്ന നേതാവ് നിതീഷ് കുമാറും കോൺഗ്രസ് എം പി രാഹുൽ ഗാന്ധിയും മറുപടി പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഒരിക്കൽക്കൂടി ദയാനിധി മാരൻ പരസ്യമായി വിഘടനവാദം ഉന്നയിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഗോമൂത്ര സംസ്ഥാനങ്ങളാണെന്ന ഡിഎംകെ എം പി സെന്തിൽ കുമാറിന്റെ പ്രസ്താവനയും ബിഹാറിന്റെ ഡി എൻ എയെക്കാൾ മുന്തിയതാണ് തെലങ്കാന ഡി എൻ എ എന്നുമുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിഎംകെ നടത്തുന്ന ഇത്തരം വിദ്വേഷ പ്രചാരണങ്ങളിൽ രാഹുൽ ഗാന്ധി, നിതീഷ് കുമാർ, ലാലു പ്രസാദ് യാദവ്, അഖിലേഷ് യാദവ് തുടങ്ങിയവർ രാജ്യത്തെ ജനങ്ങളോട് വിശദീകരണം നൽകണമെന്ന് പൂനാവാല ആവശ്യപ്പെട്ടു. ഡിഎംകെ നേതാക്കൾ നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ ഇൻഡി സഖ്യത്തിന്റെ പൊതുനിലപാടാണോ എന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു.
ഇൻഡി സഖ്യ യോഗത്തിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംസാരിച്ചപ്പോൾ തനിക്ക് ഹിന്ദി അറിയില്ലെന്നും പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വേണമെന്നും ഡിഎംകെ നേതാവ് ടി ആർ ബാലു ആവശ്യപ്പെട്ടിരുന്നു. നമ്മൾ നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാൻ എന്നാണ് വിളിക്കുന്നതെന്നും നിങ്ങൾ ഹിന്ദി പഠിക്കണം എന്നുമായിരുന്നു ഇതിനുള്ള നിതീഷിന്റെ മറുപടി. ഇതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ തുടർച്ചയായാണ് ദയാനിധി മാരന്റെ കക്കൂസ് പരാമർശവും വിവാദമാകുന്നത്.
Discussion about this post