തിരുവനന്തപുരം: അതിവ്യാപനശേഷിയുള്ള കൊവിഡ് ഉപവകഭേദം ജെ എൻ.1 സംസ്ഥാനത്ത് നാല് പേർക്ക് കൂടി സ്ഥിരീകരിച്ചു. രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്ത് ഒരാൾക്ക് ഈ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പിൾ പരിശോധനയിൽ കോഴിക്കോട് നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ജെ എൻ.1 സ്ഥിരീകരിച്ച ഒരാൾ കൂടുതലായി യാത്രകൾ ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷകാലമായതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശം.
അതിവ്യാപനശേഷിയുള്ള ഉപവകഭേദമായതിനാൽ പ്രായമായവരും മറ്റ് രോഗങ്ങൾ ഉള്ളവരും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകുന്നു. സംസ്ഥാനത്ത് ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം നിലവിൽ മൂവായിരം പിന്നിട്ടിരിക്കുകയാണ്. രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിക്കുന്നതിൽ ഭൂരിപക്ഷം കേസുകളും കേരളത്തിലാണ്.
പനി, വിറയൽ, ശ്വാസതടസ്സം, ശരീരവേദന, രുചിയും ഗന്ധവും തിരിച്ചറിയാനാകാത്ത അവസ്ഥ, മൂക്കടപ്പ്, മൂക്കൊലിപ്പ്, വയറിളക്കം, ചുമ, ക്ഷീണം, തലവേദന, തൊണ്ടവേദന, ഛർദ്ദി, ഓക്കാനം എന്നിവയാണ് ജെ എൻ.1ന്റെയും പ്രധാന ലക്ഷണങ്ങൾ. അന്താരാഷ്ട്ര യാത്രികർ മുഖേന വിദേശ രാജ്യങ്ങളിൽ നിന്നാവാം ജെ എൻ.1 ഇന്ത്യയിൽ എത്തിയത് എന്നാണ് നിഗമനം. അമേരിക്കയിലും ചൈനയിലും നിലവിൽ അതിവേഗം പടർന്ന് പിടിക്കുകയാണ് ഈ വകഭേദം.
Discussion about this post