ന്യൂഡൽഹി : രാഹുൽ ഗാന്ധി നയിക്കുന്ന രണ്ടാം ഭാരത് ജോഡോ യാത്ര ജനുവരി 14 മുതൽ ആരംഭിക്കും. ‘ഭാരത് ന്യായ് യാത്ര’ എന്നാണ് പുതിയ യാത്രയ്ക്ക് പേര് നൽകിയിരിക്കുന്നത്. 2024ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യാത്ര നടത്താനാണ് തീരുമാനം. ഇത്തവണ മണിപ്പൂർ മുതൽ മുംബൈ വരെ നടത്തുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിലൂടെയാണ് പുതിയ യാത്രയുടെ വിവരം പങ്കുവെച്ചത്.
ഭാരത് ന്യായ് യാത്രയിലൂടെ 14 സംസ്ഥാനങ്ങളിലായി 85 ജില്ലകൾ രാഹുൽ ഗാന്ധി സന്ദർശിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 6,200 കിലോമീറ്റർ ദൂരമായിരിക്കും ഭാരത് ന്യായ് യാത്ര തടത്തുന്നത്.
ജനുവരി 14ന് മണിപ്പൂരിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ചെറിയ ദൂരങ്ങൾ മാത്രമായിരിക്കും യാത്രയിൽ രാഹുൽ ഗാന്ധി നടക്കുക എന്നും ബാക്കി യാത്രകൾ ബസ്സിൽ ആയിരിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
ജനങ്ങൾക്ക് പരമാവധി പ്രവേശനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര ബസ്സിൽ ആക്കുന്നതെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.
Discussion about this post