തിരുവനന്തപുരം: പോത്തൻകോട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ 36 ദിവസം പ്രായമായ കുഞ്ഞിനെ കൊന്നത് സ്വന്തം അമ്മ തന്നെയെന്ന് പോലീസ്. പോത്തൻകോട് മഞ്ഞമല സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ വളർത്താൻ നിവൃത്തിയില്ലാതെ രോഗബാധിതയായ കുഞ്ഞിനെ കൊല്ലുകയായിരുന്നുവെന്ന് അമ്മ സുരിത സമ്മതിച്ചുവെന്ന് പോലീസ് അറിയിച്ചു.
‘കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താൻ പണമില്ലായിരുന്നു’. അതിനാൽ കൊല്ലൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുരിതയുടെ മൊഴി. ഇന്ന് പുലർച്ചയോടെയാണ് 36 ദിവസം പ്രായമായ കുഞ്ഞിനെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചത്. അന്വേഷണത്തിൽ കിണറ്റിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം ലഭിക്കുകയായിരുന്നു. സംശയത്തിന്റെ പേരിൽ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പ്രസവ ശേഷം കുഞ്ഞുമായി സുരിത മഞ്ഞമലയിലെ വീട്ടിലുണ്ടായിരുന്നു. ഭർത്താവ് സജി പണിമൂലയിലുള്ള വീട്ടിലായിരുന്നു. രാത്രി രണ്ടയോടെ സുരിതയുടെ ബഹളം കേട്ടാണ് വീട്ടിലുണ്ടായിരുന്ന അമ്മയും സഹോദരിയും ഉണർന്നത്. കുഞ്ഞിനെ കാണാനില്ലെന്ന വിവരം അറിഞ്ഞ് സുരിതയുടെ സഹോദരിയാണ് സജിയെയും പോത്തൻകോട് പൊലീസിനെയും വിവരം അറിയിച്ചത്.
Discussion about this post