നാദാപുരം: ഡിവൈഎഫ്ഐ പ്രവര്ത്തകന് തൂണേരിയിലെ ഷിബിനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ അറസ്റ്റില്‍. നാദാപുരം വലിയ ജുമാഅത്ത് പളളിയിലെ ജീവനക്കാരന് വയനാട് വെണ്ണിയൂര്‍ സ്വദേശി വൈശ്യന് വീട്ടില്‍ സൂപ്പി മുസ്ല്യാരെ(52)യാണ് അറസ്റ്റ് ചെയ്തത്.
നാദാപുരം പുളിക്കൂലിലെ തന്‍വീറുല്‍ ഈമാന്‍ മദ്രസ്സാ അധ്യാപകന് കൂടിയാണ്.
പ്രതിയുടെ പങ്കിനെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്:കൊലപാതകം നടന്ന ജനുവരി 22ന് പുലര്‍ച്ചെ പള്ളിയിലെത്തിയ രണ്ടാം പ്രതി തെയ്യമ്പാടി മുനീര്‍, ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മായില്‍, പത്താം പ്രതി കാളിയപറമ്പത്ത് അസ്ലം എന്നിവര്‍ക്ക് പള്ളി കബറിടത്തിന് സമീപത്തെ ഉപയോഗ ശൂന്യമായ ബാത്ത്റൂമില്‍ കഴിയാന്‍ മുസ്ല്യാര്‍ സൗകര്യം ഒരുക്കി
22 ന് വൈകുന്നേരം വരെ ഇവിടെ കഴിയാന്‍ അനുവദിച്ചു. ഹോട്ടലില്‍ നിന്നും ഭക്ഷണവും മറ്റും എത്തിച്ച് നല്കുകിയതായും പോലീസ് പറഞ്ഞു. പ്രതിഷേധ പ്രകടനം നടത്തുന്നതിനിടയില്‍ തങ്ങളെ പുറത്തേക്ക് അയയ്ക്കരുതെന്ന് പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നു. കൊലക്കേസ് പ്രതികള്‍ എന്നറിഞ്ഞ് കൊണ്ട് സംരക്ഷണം നല്‍കിയെന്നാണ് കുറ്റം.
നോട്ടീസ് നല്കി സ്റ്റേഷനില്‍ വിളിച്ച് വരുത്തിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാദാപുരം ഗവണ്മെന്റ് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം പ്രതിയെ പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആരോപണവിധേയനായ ഇയാളെ പള്ളിയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കം ചെയ്തതായി നാദാപുരം ജുമാഅത്ത് പള്ളി കമ്മിറ്റി അറിയിച്ചു.
Discussion about this post