തിരുവനന്തപുരം: കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് സത്യപ്രതിജ്ഞ. ഇരുവർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.ആയിരം പേർക്ക് ഇരിക്കാവുന്ന വേദിയാണ് രാജ് ഭവനിൽ ഒരുക്കിയിരിക്കുന്നത്.
ക്ഷണിതാക്കൾക്കുമാത്രമേ പ്രവേശനമുള്ളൂ. പ്രതിപക്ഷം ബഹിഷ്‌കരിക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ചായസത്കാരം ഉണ്ടാവും.
എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വർഷത്തിനു ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി. ആൻണി രാജുവും അഹമ്മദ് ദേവർകോവിലുമാണ് രാജിവച്ചത്. പകരം കേരള കോൺഗ്രസ് ബിയുടെ കെ.ബി ഗണേഷ് കുമാറിനെയും കോൺഗ്രസ് എസിൻറെ കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിമാരാക്കാനാണ് മുന്നണി തീരുമാനിച്ചത്. ഗണേഷിന് ഗതാഗതവകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നൽകുമെന്നുമാണ് വിവരം. ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോൺഗ്രസ് ബി ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇന്ന് രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയവും കൂടി ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.
പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം ഉള്ളതിനാൽ ചീഫ് സെക്രട്ടറി വി വേണു ചടങ്ങിന് എത്തില്ല. പകരം അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് പങ്കെടുക്കുക. പുതിയ മന്ത്രിമാർ പങ്കെടുക്കുന്ന മന്ത്രിസഭായോഗം ജനുവരി മൂന്നിന് ചേരും. രണ്ടുമന്ത്രിമാർ രാജിവെച്ചതിനാൽ ബുധനാഴ്ച പതിവ് മന്ത്രിസഭായോഗം ചേർന്നില്ല.
Discussion about this post