തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടുള്ള അതൃപ്തി വീണ്ടും പ്രകടമാക്കി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും. ഗവർണർ നടത്തിയ ചായ സൽക്കാരത്തിൽ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം സംഘടിപ്പിച്ച പരിപാടിയിൽ നിന്നുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ട് നിന്നത്.
കെ ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയുമാണ് പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. വൈകീട്ടോടെയായിരുന്നു സത്യപ്രതിജ്ഞ. ഇതിന് പിന്നാലെ രാജ്ഭവനിൽ എല്ലാവർക്കുമായി ഗവർണർ ചായ സൽക്കാരം സംഘടിപ്പിക്കുകയായിരുന്നു. എന്നാൽ ഇതിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി ഉടൻ ക്ലിഫ് ഹൗസിലേക്ക് മടങ്ങി. ഇതിന് പിന്നാലെ മന്ത്രിമാരും മടങ്ങുകയായിരുന്നു.
നേരത്തെ ഗവർണർ സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്നിൽ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ട് നിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ചായ സൽക്കാരത്തിലും സർക്കാർ ഗവർണറോടുള്ള അതൃപ്തി പ്രകടമാക്കിയത്. നിലവിൽ വിവിധ വിഷയങ്ങളിൽ സർക്കാരും ഗവർണറുമായുള്ള പോര് തുടരുകയാണ്. ഇതിനിടെ തനിക്കെതിരെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐക്കാർക്കെതിരെ നടപടിയെടുക്കാത്തതിനെ കഴിഞ്ഞ ദിവസം ഗവർണർ വീണ്ടും വിമർശിച്ചിരുന്നു.
Discussion about this post