തിരുവനന്തപുരം: രണ്ടരവർഷത്തിന് ശേഷം രണ്ട് മന്ത്രിമാർ രാജിവെച്ചതോടെ പേഴ്‌സനൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിൽ സർക്കാറിന് ഉണ്ടാകുന്നത് വലിയ ചിലവ്. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫിൽ രാഷ്ട്രീയ നിയമനം ലഭിച്ച 27 പേർക്കും ഇനി ആജീവനാന്ത പെൻഷൻ കിട്ടും. പുതിയ മന്ത്രിമാരുടെ സ്റ്റാഫിൽ പുതുതായി എത്തുന്ന സ്റ്റാഫുകളുടെ ബാധ്യത വേറെയും ഉണ്ടാകും. 3450 രൂപ മുതൽ ആറായിരം രൂപ വരെയാണ് പെൻഷൻ ലഭിക്കുക. പുറമെ ഡിഎ അടക്കം മറ്റ് ആനുകൂല്യങ്ങളും ഉണ്ട്. മന്ത്രി രാജിവച്ചിറങ്ങിയാലും15 ദിവസത്തെ സർക്കാർ ശമ്പളത്തിനു കൂടി പേഴ്‌സണൽ സ്റ്റാഫുകൾക്ക് അർഹതയുണ്ട്. 2021 ലെ ഉത്തരവ് അനുസരിച്ച് രണ്ട് വർഷവും ഒരു ദിവസും പേഴ്‌സണൽ സ്റ്റാഫിൽ സേവനം പോലും മിനിമം പെൻഷൻ ഉണ്ട്.
ആൻറണി രാജുവിൻറെ സ്റ്റാഫിൽ ആകെയുണ്ടായിരുന്നത് 21 പേരായിരുന്നു. ഇതിൽ ഒരു അഡീഷനൽ സെക്രട്ടറിയും ഒരു ക്ലർക്കും സർക്കാർ സർവ്വീസിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ. ബാക്കി 19 ഉം രാഷ്ട്രീയ നിയമനം. 2 അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, നാലു അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷനൽ പിഎ, ഒരു അസിസ്റ്റൻറ് , 4 ക്ലർക്ക്, ഓഫീസ് അസിസ്റ്റൻറ് 4 , രണ്ട് ഡ്രൈവർമാരും ഒരു പാചകക്കാരനും വേറെ ഉണ്ടായിരുന്നു.
മന്ത്രിയായിരുന്ന അഹമ്മദ് ദേവർ കോവിലിൻറെ സ്റ്റാഫിൽ ഉണ്ടായിരുന്നത് 25 പേരായിരുന്നു. ഏഴ് പേർ സർക്കാർ സർവ്വീസിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ, ബാക്കി രാഷ്ട്രീയ നിയമനം. പ്രൈവറ്റ് സെക്രട്ടറി സർക്കാർ സർവ്വീസിലേക്ക് തിരിച്ചു പോകും. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ മൂന്ന് പേരിൽ രണ്ട് പേർ രാഷ്ട്രീയ നിയമനം, അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിമാർ 4, ഇതിൽ രണ്ട് പേർ രാഷ്ട്രീയനിയമനം. ഒരു പിഎ, ഒരു അഡീഷനൽ പിഎയും , 4 ക്ലർക്കുമാർ, 5 പ്യൂൺമാർ, ഡ്രൈവർമാർ രണ്ട്‌പേരും രാഷ്ട്രീയ നിയമനമായിരുന്നു. പാചകക്കാരനും രാഷ്ട്രീയനിയമനമായിരുന്നു.
ഉയർന്ന ശമ്പളം പ്രൈവറ്റ് സെക്രട്ടറിക്കും അഡി.പ്രൈവറ്റ് സെക്രട്ടറിക്കുമാണ്. ശമ്പളസ്‌കെയിൽ 1,07,800-1,60,000 കുറഞ്ഞ ശമ്പളം പാചകക്കാരനാണ്. ശമ്പള സ്‌കെയിൽ 23,000-50,200. 70,000 രൂപ വരെ ശമ്പളമുള്ളവർക്ക് ഫസ്റ്റ്ക്ലാസ് എ.സി ട്രെയിൻ ടിക്കറ്റും 77,000രൂപയ്ക്ക് മുകളിൽ വിമാന യാത്രാ ടിക്കറ്റും ലഭിക്കും ഉയർന്ന മൂന്ന് തസ്തികയിൽ ഡെപ്യൂട്ടി സെക്രട്ടറിയുടെ ശമ്പള സ്‌കെയിലും പദവിയുമാണ്. അതിനു താഴെയുള്ളവർക്ക് അണ്ടർസെക്രട്ടറി റാങ്കുമാണ്.
1.60 ലക്ഷം വരെ ശമ്പളമുള്ള ജോലിക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യതയില്ല. ഇവരുടെ ശമ്പളത്തിനും പെൻഷനുമായി കോടികൾ ചെലവിടുന്നത് നിയമവിരുദ്ധമാണെന്ന് ഗവർണർ നേരത്തേ വിമർശനമുന്നയിച്ചിരുന്നു. 1994ലാണ് പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ തുടങ്ങിയത്. മിനിമം പെൻഷന് 3 വർഷത്തെ സർവീസുണ്ടാവണം. രണ്ടു വർഷവും ഒരു ദിവസവും ജോലി ചെയ്യുന്നവർക്ക് മൂന്നു വർഷമായി പരിഗണിച്ച് 4750 രൂപ പെൻഷൻ നൽകും.
Discussion about this post