ന്യൂഡൽഹി: അയോദ്ധ്യയിലേക്കുള്ള ആദ്യ വിമാന യാത്രയിൽ ആവേശഭരിതരായി രാമഭക്തർ. ജയ് ശ്രീരാം വിളിച്ചും രാമമന്ത്രങ്ങൾ ഉരുവിട്ടുമാണ് ഭക്തർ ഡൽഹിയിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആദ്യ വിമാനത്തിൽ യാത്ര തിരിച്ചത്. ഉച്ചയോടെ അയോദ്ധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിൽ നിന്നും ആദ്യ വിമാനം പുറപ്പെട്ടത്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമുള്ള ഇൻഡിഗോ വിമാനമാണ് ആദ്യമായി അയോദ്ധ്യയിൽ ഇറങ്ങുന്നത്. ആദ്യ യാത്രയിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാമഭക്തരാണ് പങ്കാളികൾ ആകുന്നത്. അയോദ്ധ്യ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചതിന് പിന്നാലെ ഇവർ ജയ് ശ്രീരാം മുഴക്കുകയായിരുന്നു. രാമമന്ത്രങ്ങളും ഉരുവിട്ടു. അയോദ്ധ്യയിലേക്കുള്ള ആദ്യ വിമാനയാത്രയിൽ പങ്കാളികളാകാൻ കഴിഞ്ഞത് മഹാഭാഗ്യമെന്ന് യാത്രികർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അയോദ്ധ്യയിലേക്കുള്ള യാത്ര ഏറെ ആകാംക്ഷാഭരിതമാണെന്ന് രാജസ്ഥാനിൽ നിന്നുള്ള രാമഭക്തൻ പ്രതികരിച്ചു. അയോദ്ധ്യ കാണാൻ കുട്ടികൾക്കൊപ്പമാണ് എത്തിയിരിക്കുന്നത്. ശ്രീരാമനിൽ നിന്നും അനുഗ്രഹം തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന് ഇന്ന് ചരിത്ര ദിനമാണെന്ന് ജൈന പുരോഹിതൻ രവീന്ദ്ര കീർത്തി സ്വാമി പ്രതികരിച്ചു. രാമന്റെ ജന്മസ്ഥാനം ഭക്തർക്കായി തുറന്നിരിക്കുന്നു. ജൈന സമൂഹത്തിൽ നിന്നുള്ള നിരവധി പേർ അയോദ്ധ്യയിൽ എത്തും. ഇത്തരത്തിൽ ഒരു അവസരം തങ്ങൾക്ക് ഒരുക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നന്ദിയെന്നും അദ്ദേഹം പ്രതികരിച്ചു.
ഇൻഡിഗോ പൈലറ്റ് ക്യാപ്റ്റൻ അശുതോഷ് ശേഖറാണ് യാത്രികരെ സ്വാഗതം ചെയ്തത്. ഇതൊരു അപൂർവ്വ നിമിഷണാമെന്നും അദ്ദേഹം യാത്രികരെ സ്വാഗതം ചെയ്യുന്നതിനിടെ പറഞ്ഞു.
Discussion about this post