ലക്‌നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാജ്യമെമ്പാടുമുള്ള എല്ലാ ഭക്തരും വീടുകളിൽ ഭദ്രദീപം തെളിയിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും അയോദ്ധ്യയിലെ വിവിധ വികസനപദ്ധതികളുടെയും ഉദ്ഘാടനം നിർവ്വഹിച്ച ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാമക്ഷേത്രത്തിലേക്ക് വരുന്നത് ഭക്തർ ദയവായി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 22 ന് ഭക്തർ രാമക്ഷേത്രത്തിലേക്ക് വരരുതെന്ന് തൊഴുകയ്യോടെ അഭ്യർത്ഥിക്കുന്നു. പരിപാടികൾ അന്നേദിനം നടക്കട്ടെ. അടുത്ത ദിവസം മുതൽ ഭക്തർക്ക് ഏത് സമയവും ക്ഷേത്രത്തിലേക്ക് എത്താം. അതിൽ തടസ്സമില്ല. എല്ലാവർക്കും പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമെന്ന ആഗ്രഹമുണ്ടെന്ന് അറിയാം. എന്നാൽ എല്ലാവരെയും അവിടെ ഉൾക്കൊള്ളുന്നതിനുള്ള സൗകര്യം ഇല്ല. അയോദ്ധ്യയിൽ രാമക്ഷേത്രത്തിനായി 550 വർഷം നിങ്ങൾ കാത്തിരുന്നു. ഇനി കുറച്ചുകൂടി കാത്തിരുന്നുകൂടെയെന്നും പ്രധാനമന്ത്രി ചോദിച്ചു.
പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഏവരും വീടുകളിൽ ഭദ്രദീപം തെളിയിക്കണം. അന്നേദിവസം രാജ്യമെമ്പാടും ദീപാവലിപോലെ ആഘോഷിക്കണം. പ്രാണപ്രതിഷ്ഠ കഴിഞ്ഞാൽ എല്ലാവരും ക്ഷേത്രത്തിൽ എത്തണം. നഗരത്തെ എല്ലായ്‌പ്പോഴും ശുചിയോടെ കാക്കാൻ അയോദ്ധ്യ നിവാസികൾക്ക് ശ്രദ്ധിക്കണം. ലക്ഷക്കണക്കിന് ആളുകളെ സ്വീകരിക്കാൻ അയോദ്ധ്യ തയ്യാറായിക്കഴിഞ്ഞു. അയോദ്ധ്യയെ എല്ലായ്‌പ്പോഴും ശുചിയായി വയ്ക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post