പത്തനംതിട്ട; ബിജെപിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വികസനം ഇന്ന് മാദ്ധ്യമങ്ങൾ ഉൾപ്പെടെ എല്ലാവരും ചർച്ച ചെയ്യുന്നതാണെന്ന് ബിജെപിയിൽ ചേർന്ന ഓർത്തഡോക്‌സ് സഭ നിലക്കൽ ഭദ്രസനം സെക്രട്ടറി ഫാദർ ഷൈജു കുര്യൻ. പത്തനംതിട്ടയിൽ ബിജെപി സംഘടിപ്പിച്ച ക്രിസ്തുമസ് സ്‌നേഹ സംഗമത്തിൽ വെച്ചാണ് ഷൈജു കുര്യനും അൻപതോളം ക്രിസ്ത്യൻ കുടുംബങ്ങളും ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്.
നാടിന്റെ വികസനം നമുക്ക് ആവശ്യമാണെന്ന ബോധ്യത്തോടെയാണ് ബിജെപിയിൽ ചേർന്നത്. അത് ആത്മീയമോ രാഷ്ട്രീയമോ അല്ല അതിനപ്പുറം മോദിജി എന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ അണിനിരക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്. ആ വികസനത്തിനൊപ്പം ഞങ്ങളും കൈകോർക്കുകയാണെന്ന് ഫാദർ ഷൈജു കുര്യൻ പറഞ്ഞു.
വ്യക്തിപരമായിട്ടാണ് ബിജെപിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഭാരതത്തിന്റെ നൻമയ്ക്ക് വേണ്ടി മോദിജിയുടെ കരത്തിന് കീഴിൽ നിൽക്കണമെന്ന വ്യക്തിപരമായ ചിന്തയിലാണ് തീരുമാനമെടുത്തത്. സഭയിൽ പല തരത്തിലുളള രാഷ്ട്രീയമുണ്ട്. രണ്ട് ശതമാനം മാത്രമുളള ക്രൈസ്തവ സമൂഹത്തെ ഒരുമിച്ച് വിളിച്ച് കൂടിയിരുന്ന് സ്‌നേഹം പങ്കുവെയ്ക്കാൻ ഇത്രയും നാൾ മറ്റ് രാഷ്്ട്രീയ പാർട്ടികൾ ശ്രമിച്ചിട്ടില്ലെന്നും ഫാദർ ഷൈജു കുര്യൻ കുറ്റപ്പെടുത്തി. ഞങ്ങൾ പലരുമായും വളരെ സ്‌നേഹത്തോടെയും ആദരവോടെയും നിന്നിട്ടും ആരും തയ്യാറായിട്ടില്ല.
പല രാഷ്ട്രീയ പ്രവർത്തകരോടും സഹകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വികസനം നമ്മുടെ വികസനമാണെന്ന ബോധ്യത്തോടെയാണ് ഈ തീരുമാനം. രാജ്യത്തിന്റെ വികസനം മോദിജിയുടെ കരങ്ങളിൽ ഭദ്രമെന്ന് വിശ്വസിക്കുന്നുവെന്നും ഫാദർ ഷൈജു കുര്യൻ പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരൻ ഇവരെ ഷാൾ അണിയിച്ച് ബിജെപിയിലേക്ക് സ്വാഗതം ചെയ്തു.
ഓർത്തഡോക്‌സ് സഭ വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ക്ലീമീസ് അടക്കമുളളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. വിഎ സൂരജ് അധ്യക്ഷത വഹിച്ചു.
Discussion about this post