ബംഗളൂരു : 2024ൽ കുറഞ്ഞത് 12 ദൗത്യങ്ങളെങ്കിലും വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഹാർഡ്‌വെയറിന്റെ ലഭ്യതയെ ആശ്രയിച്ച് ഈ എണ്ണം വർദ്ധിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പിഎസ്എൽവി-സി58 എക്‌സ്‌പോസിറ്ററി മിഷന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് എസ് സോമനാഥ് ഭാവി പദ്ധതികളെ കുറിച്ച് വ്യക്തമാക്കിയത്.
2024 ഗഗൻയാൻ ദൗത്യത്തിന്റെ ഒരുക്കങ്ങളുടെ വർഷമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ദൗത്യവുമായി ബന്ധപ്പെട്ട് ഹെലികോപ്റ്ററിൽ നിന്ന് ഒരു ഡ്രോപ്പ് ടെസ്റ്റും നടത്താനും അതിൽ പാരച്യൂട്ട് സംവിധാനം പരീക്ഷിക്കുവാനും ഐഎസ്ആർഒ തയ്യാറെടുക്കുന്നതായി എസ് സോമനാഥ് വ്യക്തമാക്കി.
എക്സോസാറ്റ് ഉപഗ്രഹ ദൗത്യത്തെക്കുറിച്ചും എസ് സോമനാഥ് വിശദീകരിച്ചു. “ഇതൊരു പ്രത്യേക ദൗത്യമാണ്, കാരണം എക്‌സ്-റേ പോളാരിമെട്രി ഒരു പ്രത്യേക ശാസ്ത്രീയ ശേഷിയാണ്, അത് നമ്മൾ തന്നെ വികസിപ്പിച്ചെടുത്തതാണ്. ഇത് മനസിലാക്കാൻ കഴിയുന്ന 100 ശാസ്ത്രജ്ഞരെ സൃഷ്ടിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. തുടർന്ന് തമോദ്വാരങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിപ്പിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം”. ജനുവരി ആറിന് ആദിത്യ എൽ1 എൽ1 പോയിന്റിലെത്തുമെന്നും അതിന് ശേഷം അന്തിമ നീക്കങ്ങൾ നടത്തുമെന്നും എസ് സോമനാഥ് അറിയിച്ചു.
Discussion about this post