ലക്നൗ: ലോകമെമ്പാടും യോഗ സ്വീകരിക്കപ്പെടുകയാണെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി. ഏറ്റവും കൂടുതൽ ആളുകൾ സൂര്യനമസ്‌കാരം ചെയ്തതിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഗുജറാത്ത് ഇടംപിടിച്ചതിന് പിന്നാലെ തന്റെ ആഹ്ലാദം പങ്ക് വക്കുകയായിരുന്നു അദ്ദേഹം. പുതുവത്സര ദിനമായ തിങ്കളാഴ്ച്ചയാണ് മൊധേര സൂര്യക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സൂര്യ നമസ്കാരം, ചെയ്തത്. ഗുജറാത്ത് വീണ്ടും പുതിയൊരു ചരിത്രം കുറിച്ചെന്ന് ഹർഷ് സംഘവി അഭിപ്രായപ്പെട്ടു.
‘ ഏറ്റവും കൂടുതൽ ആളുകൾ ഒരേസമയം സൂര്യനമസ്കാരം ചെയ്തുകൊണ്ട് ഗുജറാത്ത് ഇന്ന് പുതിയൊരു ചരിത്രം കുറിച്ചിരിക്കുന്നു. 2023ൽ ഏറ്റവും കുടുതൽ ആളുകൾ ഒരേ സമയം യോഗ ചെയ്തതിന് ഗുജറാത്ത് ഇതുപോലെ തന്നെ റെക്കോർഡ് നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും. 108 സ്ഥലങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിൽ പങ്കെടുത്തത്. ഇന്ന് നാലായിരം ആളുകൾ ഒരേസമയം സൂര്യനമസ്കാരം ചെയ്തു. യോഗ ലോകമെമ്പാടും സ്വീകരിച്ച് കഴിഞ്ഞു’- ഹർഷ് സംഘവി പറഞ്ഞു.
പുതുവർഷത്തിന്റെ ആദ്യ പുലരിയിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ആഭ്യന്തര മന്ത്രി ഹർഷ് സംഘവി എന്നിവർ മൊധേര സൂര്യക്ഷേത്രത്തിൽ സൂര്യനമസ്കാരം ചെയ്തുകൊണ്ട് പരിപാടിയിൽ പങ്കുചേർന്നു. ചരിത്ര നിമിഷമാണ് മൊധേര സൂര്യക്ഷേത്രത്തിൽ നടന്നത്. വിദ്യാർത്ഥികൾ, യോഗാ അഭ്യാസികൾ, നിരവധി കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ എന്നിവർ ഉൾപ്പെടെ വിവിധ മേഖലയിൽ നിന്നുള്ള ആളുകളാണ് ഈ നിമിഷത്തിന് സാക്ഷിയായത്.
ഗിന്നസ് വേൾഡ് റെക്കോർഡ് വിധികർത്താവ് സ്വപ്നിൽ ദംഗരികർ ഗുജറാത്തിലെ ജനങ്ങളുടെ ശ്രമം വിജയത്തിലെത്തിയതായി വിധി പ്രസ്താവിച്ചു. ‘ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന സൂര്യനമസ്കാരത്തിൽ വിധി പറയാനാണ് ഞാനിവിടെ എത്തിയത്. ഇതൊരു പുതിയ പദവിയാണ്. ആരും ഇതിന് മുൻപ് ഈ റെക്കോർഡ് ഭേദിക്കാൻ ശ്രമിച്ചിട്ടില്ല. ഏറ്റവും കൂടുതൽ പേർ ഒരേസമയം സൂര്യനമസ്കാരം ചെയ്തതിനുള്ള പുതിയൊരു ഗിന്നസ് ലോക റെക്കോർഡ് പ്രഖ്യാപിക്കുകയാണ്’- വിധി പ്രസ്താവിച്ചുകൊണ്ട് സ്വപ്നിൽ ദംഗരികർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവം കൊണ്ട് ഇന്ത്യയുടെ സംസ്കാരം ലോകം വാഴ്ത്തുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
യോഗാസനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാണ് സൂര്യനമസ്കാരം. ഇന്ന് യോഗയെ ലോകത്തിന്റെ എല്ലാ കോണിലേക്കും എത്തിക്കുന്നതിനായി പ്രധാനമന്ത്രി പ്രയത്നിച്ചു. നല്ല ആരോഗ്യത്തിന് ഏറ്റവും മികച്ച വഴിയായി ആണ് യോഗയെ കണക്കാക്കുന്നത്. പ്രധാന മന്ത്രിയുടെ പ്രയത്നം മൂലം യോഗ ലോകം അംഗീകരിച്ചു തുടങ്ങി. യോഗയുടെ പാരമ്പര്യം ഒരൃ സാമൂഹ്യ മുന്നേറ്റമായി മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post