ഇടുക്കി: ജയറാമിന് പിന്നാലെ വെള്ളിയാമറ്റത്തെ കുട്ടിക്കർഷകർക്ക് സഹായവുമായി കൂടുതൽ സിനിമാ താരങ്ങൾ രംഗത്ത്. മമ്മൂട്ടിയും, പൃഥ്വിരാജും ഉൾപ്പെടെയുള്ളവരാണ് സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയിരിക്കുന്നത്. മമ്മൂട്ടി ഒരു ലക്ഷം രൂപയും, പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും കർഷകർക്ക് നൽകും. ഇക്കാര്യം ഇരുവരും ഫോണിൽ വിളിച്ച് ജയറാമിനെ ആണ് അറിയിച്ചത്.
കിഴക്കേപറമ്പിൽ മാത്യു ബെന്നി എന്ന പത്താംക്ലാസുകാരും സഹോദരങ്ങളും ചേർന്ന് പരിപാലിക്കുന്ന പശുക്കളാണ് ചത്തത്. കപ്പത്തോല് കഴിച്ചതിന് പിന്നാലെ 13 പശുക്കൾക്കായിരുന്നു ജീവൻ നഷ്ടമായത്. നാലംഗ കുടുംബത്തിന്റെ ഏക ആശ്രയം ആണ് ഈ പശുഫാം. ഇവരുടെ ദുരിതം വാർത്തകളിലൂടെ അറിഞ്ഞ ജയറാം രാവിലെ സഹായവുമായി രംഗത്ത് എത്തുകയായിരുന്നു.
അഞ്ച് ലക്ഷം രൂപയാണ് ഇവർക്ക് ജയറാം വാഗ്ദാനം ചെയ്തിരിക്കുന്നത്. കൃഷ്ണഗിരിയിൽ നിന്നും ഈ തുകയ്ക്ക് 12 പശുക്കളെ ഒന്നുച്ചുപോയി വാങ്ങാമെന്നാണ് ജയറാം ഇവരോട് പറഞ്ഞത്. പുതിയ സിനിമയായ അബ്രഹാം ഓസ്‌ലർ എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം മാറ്റിവച്ച തുകയാണ് അഞ്ച് ലക്ഷം. ജയറാമിനൊപ്പം സിനിമയുടെ അണിയറ പ്രവർത്തകരും കുട്ടിക്കർഷകരുടെ വീട്ടിൽ എത്തിയിരുന്നു.












