തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ബിജെപി സംഘടിപ്പിക്കുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി ശക്തൻറെ തട്ടകത്തിലെത്തുന്നത്. 2 ലക്ഷത്തോളം സ്ത്രീകൾ പങ്കെടുക്കുന്ന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കുകയാണ് അദ്ദേഹം. ആയിരക്കണക്കിന് ആളുകളാണ് നരേന്ദ്രമോദി സഞ്ചരിക്കുന്ന റോഡിന് ഇരുവശവും പുഷ്പങ്ങളുമായി എത്തിയത്.
കൊച്ചിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്ടറിൽ കുട്ടനെല്ലൂർ ഹെലിപാഡിലിറങ്ങി. എട്ട് കിലോമീറ്ററോളം റോഡ് മാർഗം സഞ്ചരിച്ചാണ് നഗരത്തിലെത്തുന്നത്.റോഡ് മാർഗം ജില്ലാ ജനറൽ ആശുപത്രിക്കു സമീപമെത്തിയ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തെ ബിജെപി നേതാക്കൾ സ്വരാജ് റൗണ്ടിൽ വരവേറ്റു. ജനറൽ ആശുപത്രി പരിസരത്തു നിന്നു തുടങ്ങുന്ന റോഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാൽ, നടുവിലാൽ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് നായ്ക്കനാലിലെ സമ്മേളന വേദിയിലെത്തും.
വൈക്കം വിജയലക്ഷ്മിയുടെ സ്വാഗത ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. പി.ടി ഉഷ എം പി, നടി ശോഭന, ബീനാ കണ്ണൻ, ഡോ.എം.എസ് സുനിൽ , ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും .
Discussion about this post