കൊച്ചി: വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്തുകൊണ്ട് പെൻഷൻ നൽകിയില്ലെന്ന് മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സർക്കാർ ആരോപണത്തിന് കേന്ദ്ര സർക്കാരും മറുപടി നൽകണം.
ഹർജി രാഷ്ട്രീയപ്രേരിതമാണെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ചതോടെ നിലപാട് ഞെട്ടിപ്പിക്കുന്നതെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന്റെ പരാമർശം. ഇതോടെ രാഷ്ട്രീയ പ്രേരിതമെന്ന പ്രയോഗം പിൻവലിച്ച് ഹർജിക്ക് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്ന് തിരുത്തി.
കേന്ദ്ര വിഹിതം കൂടി ലഭിക്കാതെ എപ്പോൾ പണം നൽകുമെന്ന് പറയാൻ കഴിയില്ല. മാധ്യമവാർത്ത വന്നതിന് ശേഷം മറിയക്കുട്ടിയെ സഹായിക്കാൻ നിരവധി ആളുകൾ വന്നിട്ടുണ്ട്. വ്യക്തിക്ക് വേണ്ടി മാത്രം ഇപ്പോൾ നൽകാൻ കഴിയില്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചിരുന്നു.
Discussion about this post