ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഭഗവാൻ ശ്രീരാമന് കാവലായി ആനയും സിംഹവും. മണൽ കല്ലിൽ തീർത്ത പ്രതിമകൾ ക്ഷേത്ര കവാടത്തിൽ സ്ഥാപിച്ചു. ആന, സിംഹം, ഹനുമാൻ, ഗരുഡൻ എന്നീ വിഗ്രഹങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്.
രാത്രിയോടെയായിരുന്നു പ്രതിമകൾ സ്ഥാപിക്കുന്നത് പൂർത്തിയായത്. രാജസ്ഥാനിലെ ബൻസിപഹാർപൂരിൽ നിന്നുള്ള പിങ്ക് നിറത്തിലുള്ള മണൽ കല്ലിലാണ് വിഗ്രഹങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്ര കവാടത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പ്രതിമകൾ സ്ഥാപിച്ചിട്ടുള്ളത്.
കിഴക്ക് ഭാഗത്തു കൂടിയാണ് ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം ഒരുക്കിയിട്ടുള്ളത്. ദർശനം കഴിഞ്ഞ് ഭക്തർ തെക്ക് ഭാഗത്തുകൂടി തിരിച്ചിറങ്ങാം. 32 പടവുകളാണ് ക്ഷേത്രത്തിലേക്ക് കയറാൻ കിഴക്ക് ഭാഗത്തുള്ളത്. വിവിധ തലങ്ങളിലായാണ് പടവുകൾ ഒരുക്കിയിരിക്കുന്നത്. ഇതിൽ താഴത്തെ പടവുകളിലാണ് ആനയെ സ്ഥാപിച്ചിട്ടുള്ളത്. ഇതിന് മുകളിലായുള്ള നിലയിൽ സിംഹത്തെ സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവും മുകളിലാണ് ഹനുമാന്റെയും ഗരുഡന്റെയും സ്ഥാനം.
അതേസമയം പ്രതിമകളുടെ ചിത്രങ്ങൾ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. നിമിഷങ്ങൾക്കുള്ളിലാണ് ഈ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയത്.
Discussion about this post