തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയിൽ ബുദ്ധിമുട്ടി സംസ്ഥാനം. ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് താത്കാലിക പരിഹാരം നേടാനായി അടിയന്തരിമായി 800 കോടി രൂപ കടമെടുക്കും. ഈ മാസം ഒമ്പതാം തീയതി റിസർവ്വ് ബാങ്കുവഴി കടപത്രങ്ങളുടെ ലേലം നടക്കും. സാമ്പത്തികവർഷത്തെ അവസാനപാദത്തിൽ ആദ്യമെടുക്കുന്ന വായ്പയാണിത്. ഡിസംബർ അവസാനം 1100 കോടി വായ്പയെടുത്തിരുന്നു.
കിഫ്ബിക്കും സാമൂഹ്യസുരക്ഷാ പെൻഷനുമായി എടുക്കുന്ന വായ്പയിലെ 3840 കോടി രൂപ സംസ്ഥാനത്തിന്റെ വായ്പപ്പരിധിയിൽനിന്ന് കുറച്ചിരുന്നു. അത് ഇക്കൊല്ലം സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് തത്കാലത്തേക്ക് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 2000 കോടി രൂപ നേരത്തേ എടുത്തു. ശേഷിച്ചതിൽനിന്നുള്ള 800 കോടി രൂപയാണ് ഇപ്പോൾ വായ്പയെടുക്കുന്നത്.
കേന്ദ്രം ഇളവുകൾ നൽകിയ സാഹചര്യത്തിൽ വായ്പാലഭ്യത കൂടിയിട്ടുണ്ട്. കിഫ്ബി വായ്പകൾ പൊതുകടത്തിൽ ഉൾപ്പെടുത്തുന്നതാണ് ഈ വർഷം ഒഴിവാക്കിയത്. ഇതിലൂടെ 3140 കോടിയും വൈദ്യുതിമേഖല മെച്ചപ്പെടുത്താനായി കഴിഞ്ഞ സാമ്പത്തിക വർഷത്തെ കെ.എസ്.ഇ.ബിയുടെ വായ്പാബാദ്ധ്യതയിൽ 75 ശതമാനമായ 767 കോടി ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ മറ്റൊരു 5500 കോടിയും വായ്പയെടുക്കാനാകും.നടപ്പ് വർഷത്തെ അവസാനപാദത്തിൽ 5131കോടികൂടെ വായ്പയെടുക്കാം.












