അകാരണമായി ഒരാളുടെ മനോനില മാറിമാറി വരുന്ന അവസ്ഥയാണ് മൂഡ് സ്വിങ്ങ്സ്. മാനസികാവസ്ഥയെ മാത്രമല്ല പലപ്പോഴും ആരോഗ്യത്തെ പോലും ബാധിക്കുന്നതാണ് ഈ മാനസിക നിലയിലെ മാറ്റങ്ങൾ. അമിതമായ സന്തോഷവും തീവ്രമായ വിഷാദവും ആണ് പലപ്പോഴും മൂഡ് സ്വിങ്ങ്സ് ഉള്ള വ്യക്തികൾ പ്രകടിപ്പിക്കാറുള്ളത്. ഒരു വ്യക്തിയിൽ നിന്നും അയാളുടെ ചുറ്റും നിൽക്കുന്നവരെ കൂടി ഈ മാറ്റം ബാധിച്ചു തുടങ്ങുന്നതോടെ പലപ്പോഴും വ്യക്തി ബന്ധങ്ങളിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നതാണ്.
തലച്ചോറിൽ നടക്കുന്ന ചില രാസപ്രക്രിയകളുടെ ഫലമായി വരുന്നതാണ് മൂഡ് സ്വിങ്ങ്സ്. കാലാവസ്ഥ ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയും മനോനിലയിലെ മാറ്റങ്ങളിൽ സ്വാധീനം ചെലുത്താറുണ്ട്. കൃത്യമായ പരിഹാരം എന്നതിലുപരി മുൻകരുതലകൾ എടുക്കുകയാണ് ആവശ്യം. ഇടയ്ക്കിടെ മൂഡ് സ്വിങ്ങ്സ് ഉണ്ടാകുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
മൂഡ് സ്വിങ്ങ്സ് അനുഭവപ്പെടുന്നവർ നിത്യജീവിതത്തിൽ ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ കാര്യം നന്നായി ഉറങ്ങുക എന്നുള്ളതാണ്. തുടർച്ചയായി ഉറക്കം നഷ്ടപ്പെടുന്നതും സമയം തെറ്റി ഉറങ്ങുന്നതും മൂഡ് സ്വിങ്ങ്സ് പ്രശ്നങ്ങൾ വഷളാക്കുന്നതാണ്. സ്ഥിരമായി മെഡിറ്റേഷൻ ചെയ്യുന്നതും മൂഡ് സ്വിങ്ങ്സ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സഹായകരമാകും. ധാരാളം ശുദ്ധവായു ലഭിക്കുന്ന ശാന്തമായ ഒരിടത്ത് ഇരുന്നു വേണം മനസ്സിനെ ഏകാഗ്രമാക്കി മെഡിറ്റേഷൻ ചെയ്യാൻ.
മൂഡ് സ്വിങ്ങ്സ് സ്വയം നിയന്ത്രിക്കുന്നതിനായി ഒരു മൂഡ് ചാർട്ട് തയ്യാറാക്കാം. ഒരു ചെറിയ ഡയറിയിലോ മറ്റോ നിങ്ങളുടെ മനോനിലയിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് വ്യക്തമായി കുറിച്ചു വയ്ക്കുക. ഇത് ദിവസവും കൃത്യമായി ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. ഒന്നോ രണ്ടോ മാസങ്ങൾക്ക് ശേഷം നിങ്ങൾക്ക് തന്നെ നിങ്ങളുടെ മെന്റൽ ബാലൻസ് എത്രത്തോളം ഉണ്ടെന്ന് വിലയിരുത്താൻ കഴിയുന്നതാണ്. പ്രശ്നം ചികിത്സിക്കാനായി ഒരു ഡോക്ടറെ സമീപിക്കുകയാണെങ്കിലും ഈ മൂഡ് ചാർട്ട് ഉപകാരപ്രദമാകുന്നതാണ്.
Discussion about this post