രാമായണത്തിന്റെ വ്യത്യസ്ത മാനങ്ങളെക്കുറിച്ച് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ രാമചന്ദ്രൻ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ച പോസ്റ്റ് ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്. രാമകഥ, മാർക്സിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും പറയുന്ന വഞ്ചനയുടെയും പ്രതികാരത്തിൻ്റെയും കഥയല്ല, അത്, ബ്രഹ്മജ്ഞാനത്തിലേക്കുള്ള തീർത്ഥാടന കഥയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ശ്രീരാമൻ്റെ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ധർമ്മ ബിംബങ്ങളാണെന്നും അവയിൽ തന്നെ സീത ബ്രഹ്മജ്ഞാന പ്രതീകം ആണെന്നുമുള്ള ജ്ഞാനാനന്ദ സരസ്വതിയുടെ കാഴ്ചപ്പാടുകളാണ് രാമചന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.
മുതിർന്ന മാദ്ധ്യമപ്രവർത്തകൻ രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
സീത, ബ്രഹ്മജ്ഞാന പ്രതീകം
______________________
സ്വാമി ജ്ഞാനാനന്ദ സരസ്വതിയെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം ദീക്ഷ നൽകിയ തൃപ്പൂണിത്തുറ പേട്ടയിൽ എൻ ബി മേനോൻ്റെ വീട്ടിൽ നിന്ന് രണ്ടു പുസ്തകങ്ങൾ കിട്ടി. അവ വായിച്ചപ്പോൾ, സ്വാമിയുടെ വലിപ്പം മനസ്സിലായി.
ഗുരുവായൂരിലെ ശാന്താ ബുക് സ്റ്റാളിൽ നിന്ന്, അദ്ദേഹത്തിൻ്റെ കന്യാകുമാരിയിലെ ആനന്ദകുടീരം പ്രസിദ്ധീകരിച്ച കുറെ പുസ്തകങ്ങൾ, പഴയ പതിപ്പുകൾ കിട്ടി. അതിൽ പത്ത് പേജ് മാത്രമുള്ള ‘യോഗരാമായണം’ എന്നെ വിസ്മയിപ്പിച്ചു. ശ്രീരാമൻ്റെ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ധർമ്മ ബിംബങ്ങളാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു. ബ്രഹ്മവിദ്യയാണ്, സീത. അത് സാക്ഷാൽക്കരിച്ച ശേഷവും മറഞ്ഞു പോകാം; അപ്പോൾ വീണ്ടും ധർമ്മത്തിലേക്ക് പോയി അതിൽ എത്തേണ്ടി വരും.
ഓരോരുത്തരുടെയും ബുദ്ധിയുടെ മാറ്റുരച്ചു നോക്കാനുള്ള ചാണക്കല്ലാണ് രാമായണം എന്ന് ജ്ഞാനാനന്ദ സരസ്വതി പറയുന്നു. അജ്ഞാനമാണ്, സംസാരം. ജ്ഞാനം കൊണ്ടേ അത് നശിക്കൂ. അങ്ങനെ, മനുഷ്യനിൽ ജ്ഞാനത്തിനായി, പുരാണങ്ങളിൽ ഉപനിഷദ് തത്വങ്ങൾ കൂട്ടിയിണക്കുന്നു. അതാണ്, രാമകഥയിലും ഉള്ളത്.
അജയ്യശക്തിയായ പ്രപഞ്ചം തന്നെ അയോദ്ധ്യ. ഇന്ദ്രിയങ്ങളായ പത്ത് രഥങ്ങളിലിരുന്ന് വിഷയങ്ങളോട് യുദ്ധം ചെയ്യുന്ന ജീവൻ, ദശരഥൻ. ഇച്ഛാജ്ഞാനക്രിയകളാകുന്ന ശക്തിത്രയമാണ്, കൗസല്യ, കൈകേയി, സുമിത്ര എന്നിവർ. രാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിവരാകട്ടെ, വിശ്വൻ, തൈജസൻ, പ്രാജ്ഞൻ, തുരീയൻ തുടങ്ങിയ നാല് ഭാവങ്ങൾ. അജ്ഞാന ദശയിലാണ് അവരെങ്കിലും, മറ്റുള്ളവരെ അപേക്ഷിച്ച് പൂർണർ.
ജ്ഞാന സമ്പാദനം, ആത്മസാക്ഷാൽക്കാരം എന്നിവയാണ് ജീവിത ലക്ഷ്യം. ഈ ബോധം, സൽസംഗം കൊണ്ട് വളരും. അതിന് ആചാര്യൻ വേണം എന്നതിനാൽ, രാമൻ വസിഷ്ഠൻ, വിശ്വാമിത്രൻ എന്നിവരെ ആശ്രയിച്ചു. വിശ്വാമിത്രൻ ആദ്യം ഉപദേശിച്ച ബല, അബല മന്ത്രങ്ങൾ വിശപ്പ്, ദാഹം, വ്യസനം, ക്രോധം എന്നിവയെ ജയിക്കാനാണ്. ബ്രഹ്‌മചര്യം, അഹിംസ, സത്യം എന്നിവയാൽ ശരീരപീഡകളെ ജയിക്കാം എന്നർത്ഥം. വിശപ്പും ദാഹവും സ്ഥൂല ശരീര പീഡകൾ. ഭയം, വ്യസനം, ക്രോധം എന്നിവ, സൂക്ഷ്മ ശരീര പീഡകൾ. ഇവ നശിക്കാനാണ്, ബ്രഹ്മചര്യം, അഹിംസ, സത്യം എന്നീ സ്വാത്വിക ധർമ്മങ്ങൾ.
കത്തിക്ക് മൂർച്ച കൂട്ടുമ്പോലെ, ബ്രഹ്മജ്ഞാനം ആർജിക്കും മുൻപ് ശരീരം വീര്യമുള്ളതാകണം. താടകയെ കൊല്ലുന്നത്, ആഗ്രഹ നിഗ്രഹമാണ്. രാഗദ്വേഷങ്ങൾ അകന്ന് അന്തഃകരണം ശുദ്ധമായി. വിശ്വാമിത്ര യാഗവും മരീച സുബാഹുക്കളുടെ ശല്യവും തീർന്നപ്പോൾ, ബ്രഹ്മവിദ്യ ഉപദേശിക്കുന്ന ഘട്ടം വന്നു. സീതയാകുന്ന ബ്രഹ്മവിദ്യയെ പ്രാപിക്കാൻ യാത്ര. ജ്ഞാനഭാവ പ്രതീകമാണ്, വിദേഹരാജ്യം. വഴിയിൽ മുക്തമാകുന്ന അഹല്യ, പരിശുദ്ധ പ്രേമഭക്തി.
മിഥിലയിൽ, മാഹേശ്വര ചാപം രാമൻ ഭഞ്ജിച്ചപ്പോൾ സീത കൈവന്നു. വൃത്താകാരമായി ചലിക്കുന്ന പ്രാണന് സാമ്യഅവസ്ഥ ഉണ്ടായി. ബ്രഹ്മവിദ്യ ഇനി എളുപ്പം. വഴിയിൽ കാണുന്ന പരശുരാമൻ, രണ്ടു രാമൻ വേണ്ടെന്ന് പറയുന്നു -ജീവനും ഈശ്വരനും രണ്ടല്ല. പട്ടാഭിഷേകം, ജ്ഞാനനിവൃത്തിയിൽ മുഴുകാൻ തുടങ്ങിയതാണ്. അത് സമ്മതിക്കാത്ത കൈകേയി, മുജ്ജന്മ പ്രാരബ്‌ധമാണ്. അതിനാൽ, കാട്ടിൽ. ഭരദ്വാജൻ, വാല്മീകി എന്നിവരാൽ സജ്ജന സംസർഗം നിലനിന്നു.
ദശരഥൻ മരിച്ച് രാജാവായ ഭരതൻ, കാട്ടിലെത്തി രാമനെ ക്ഷണിച്ചു. എന്നാൽ, രാമൻ ആത്മധർമ്മ ദണ്ഡകാരണ്യത്തിൽ കടന്നു. അപ്പോൾ തന്നെ വന്ന വിരാധൻ, ക്രോധ പ്രതീകം. ശരഭംഗൻ മരിച്ചപ്പോഴും സംയമനം രാമന് നഷ്ടമായി. അഗസ്ത്യൻ പറഞ്ഞപ്രകാരം, ജടായുവിനെ കാവൽ നിർത്തി പഞ്ചവടിയിൽ എത്തി. അഞ്ച് ഇന്ദ്രിയങ്ങളുടെ കേന്ദ്രസ്വരൂപമായ മനസ്സാണ്, പഞ്ചവടി. അപ്പോഴുള്ള മാഹേശ്വര ചാപം, പ്രണവാനുസന്ധാനം. ഭക്തിവൈരാഗ്യ ചിറകുകളുള്ള വിവേകം, ജടായു. അപ്പോഴാണ്, ലക്ഷ്മണന് ജ്ഞാനോപദേശം നൽകിയത്.
ആഗ്രഹമാണ് ശൂർപ്പണഖ. രജോഗുണം രാവണൻ. കുംഭകർണൻ തമോഗുണം. വിഭീഷണൻ സത്വഗുണം. ചഞ്ചലമായ ചിത്തം, ലങ്ക. ബ്രഹ്മവിദ്യയാകുന്ന സീത ഒപ്പമുള്ളതിനാൽ, എല്ലാം ജയിച്ചു. ബ്രഹ്മവിദ്യ പ്രകടനം മാത്രമാകാം എന്ന അവസ്ഥയിൽ, മായാസീത. മോഹമെന്ന പൊന്മാൻ്റെ പിറകെ, മാരീചനിൽ കുടുങ്ങി. സീതയും പോയി, ജടായുവിൻ്റെ ചിറകുകളും പോയി. ഭക്തി ജ്ഞാന വൈരാഗ്യങ്ങൾ നശിച്ച രാമൻ ലൗകികനായി. അപ്പോൾ ആർത്തനായി നിലവിളിച്ചു. ജന്തുധർമ്മ പ്രതീകമായ കബന്ധൻ വന്നു. അതിനെ കൊന്നപ്പോൾ, ഈശ്വരപ്രാപ്തിയാണ് ജന്മദൗത്യം എന്ന് ബോധ്യമായി. ഭക്തിയായ ശബരിയെ കണ്ടു. അത് വളർന്ന് വിവേകമുണ്ടായി.
അവിവേകമാണ് ബാലി, വിവേകമാണ് സുഗ്രീവൻ. ഭ്രൂമധ്യം (പുരികത്തടം) ഋശ്യമൂകാചലം, ഹൃദയം കിഷ്‌കിന്ധ. ബാലിയുടെ അമ്മ അരുണൻ, അച്ഛൻ ഇന്ദ്രൻ. സുഗ്രീവ മാതാവ് അരുണൻ, പിതാവ് ആദിത്യൻ. അരുണൻ അഹങ്കാരം, ആദിത്യൻ ആത്മാവ്. ബാലിയോടൊപ്പം നേരിട്ട് യുദ്ധം വയ്യ. കാരണം, അയാളുമായി അങ്ങനെ യുദ്ധം ചെയ്യുന്നയാളുടെ പാതി ബലം കൂടി ബാലിക്ക് കിട്ടും. പലപ്പോഴും അവിവേകത്തെ കണ്ടാലും വിവേകം പോലിരിക്കും. രാമൻ വൃക്ഷം മറഞ്ഞ് ബാലിക്ക് അമ്പെയ്യുമ്പോൾ തിരിച്ചറിഞ്ഞില്ല -വിവേകവും അവിവേകവും തിരിച്ചറിയാൻ പ്രയാസം. പക്ഷെ, ധർമ്മത്തിലും വിവേകത്തിലും ഈശ്വരാംശം ഉണ്ടാകും. അപ്പോൾ കാണുന്ന ഏഴ് കരിമ്പനകൾ സ്ഥൂല ശരീരം. പ്രണവം തന്നെ താര. ശരം, മനസ്സിൻ്റെ ഏകാഗ്രത. വൃക്ഷം, സുഷുമ്ന.
ബാലിവധ ശേഷം, ചാതുർമാസ്യം, ക്രിയാമാർഗ ഉപദേശം. അങ്ങനെ, അന്തഃകരണ ശുദ്ധി കിട്ടി. വേദാന്ത ചിന്തകൾ വഴി ബ്രഹ്മവിദ്യയാകുന്ന സീതയെ അന്വേഷിക്കുന്നു. ധർമ്മാധർമ്മ സ്വരൂപിയായ ബുദ്ധിയെ അടിപ്പെട്ട് സമയം പോയി. സരയുവിൽ പ്രായോപവേശം. മോഹസമുദ്രo വിഘ്നമായപ്പോൾ, ഈശ്വര സമർപ്പണം. ചിറകു കരിഞ്ഞ സമ്പാതിക്ക് ചിറക് കിട്ടി. സീത ലങ്കയിൽ എന്ന അറിവുണ്ടായി. ബ്രഹ്മവിദ്യയെ രജോഗുണങ്ങൾ മറച്ചിരുന്നു. ഹനുമാൻ പ്രാണസ്തംഭനം കൊണ്ട് വികാരസമുദ്രo ചാടി, ബ്രഹ്മവിദ്യയായ സീതയെ കണ്ടു. സത്വ ഗുണത്തിലൂടെ രജസ്തമസ്സുകളെ ജയിച്ചു. രാവണ, കുംഭകർണന്മാരെ കൊന്നു. വിഭീഷണൻ രാജാവ്. സീത അഗ്നിശുദ്ധ.
ബ്രഹ്മവിദ്യയിൽ പറ്റിച്ചേർന്ന കാപട്യങ്ങൾ അകന്നു. രാമൻ അയോധ്യയ്ക്ക് മടങ്ങി. രാമൻ, ജ്ഞാനസാമ്രാജ്യത്തിൽ പട്ടാഭിഷിക്തനായി. ജ്ഞാനത്തിൽ പൂർണത വന്നാൽ, ബ്രഹ്മവിദ്യയെ പോലും ഉപേക്ഷിക്കാം.
അങ്ങനെ രാമകഥ, മാർക്സിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും പറയുന്ന വഞ്ചനയുടെയും പ്രതികാരത്തിൻ്റെയും കഥയല്ല, അത്, ബ്രഹ്മജ്ഞാനത്തിലേക്കുള്ള തീർത്ഥാടന കഥയാണ്. വാസവനും സജിക്കും വിജയൻ വഴി “ബ്രഹ്മജ്ഞാനം” കിട്ടുമ്പോൾ, ആഗോളഹിന്ദുവിന് അത് സീതാരാമ ദ്വന്ദ്വങ്ങൾ വഴിയാകുന്നു. അയോദ്ധ്യ പൂർണതയും, രാമകഥ അതിലേക്കുള്ള തീർത്ഥാടനവുമാണ്. രാമായണം, ജ്ഞാനാനന്ദ സരസ്വതി പറഞ്ഞ പോലെ, മനുഷ്യന്, ബുദ്ധിയുടെ മാറ്റുരച്ചു നോക്കാനുള്ള ചാണക്കല്ലാണ്.
© Ramachandran
Discussion about this post