രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് അടുത്തതോടെ ഏറ്റവും ഉയർന്നു കേട്ട ഒരു വാക്കാണ് അക്ഷതം സ്വീകരിക്കൽ. അക്ഷതം എന്നതുകൊണ്ട് എന്താണ് സൂചിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് നിരവധി പേർ വ്യക്തമാക്കിയിരുന്നു. അക്ഷതം എന്നാൽ എന്താണെന്നതിനെ കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂലെ കൃത്യമായ വിശദീകരണം നൽകിയിരിക്കുകയാണ് ഡോ പി.എസ് മഹേന്ദ്ര കുമാർ.
ഗുരുജനങ്ങൾ അക്ഷതം ശിരസ്സിലേക്കിട്ട് അനുഗ്രഹിക്കുന്നത് അമൃതവർഷണത്തിന്റെ പ്രതീകാത്മ ചടങ്ങാണ്. അയോദ്ധ്യയിൽ ദേവനെ അരിയിട്ടു വാഴ്ത്താൻ എല്ലാവർക്കും കഴിയില്ല. ഈ സാഹചര്യത്തിൽ ദേവനിർമ്മിതമായ ഈ പുണ്യഭൂമിയിൽ നിങ്ങൾക്ക് മുന്നേ ജനിച്ച ഒരു പൂർവ്വികനായ എന്റെ ഗൃഹപ്രവേശത്തിന് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. വന്ന് ആശീർവദിക്കാൻ വേണ്ടി ഇതാ അക്ഷതം കൊടുത്തു വിടുന്നു. പോയി ആശീർവദിക്കാൻ കഴിയാത്തതിനാൽ നമ്മൾ ആ അക്ഷതം വിളക്കിന് ചുവട്ടിൽ വച്ച് മനസ്സാലെ ഭഗവാന് സ്നേഹം പകരുന്നു. എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അക്ഷതം – തന്ത്രശാസ്ത്രം – അയോദ്ധ്യ
•••••••••••••••••••••••••••••••••••••••••••••••••••••••••
എന്താണ് അക്ഷതം എന്നതിനെപ്പറ്റി ധാരാളം പോസ്റ്റുകൾ വായിക്കാനിടയായി….
ഒട്ടുമിക്കതും വൈദിക കാഴ്ചപ്പാടുകളായിരുന്നു…
പലതിലും അക്ഷതം പഞ്ചഭൂതങ്ങളുമായി സംബന്ധിക്കുന്ന വിധം എഴുതിയതിൽ തെറ്റാണ് കണ്ടത്…
അക്ഷതത്തെ ജ്യോതി:ശാസ്ത്രവും, കേരളീയ തന്ത്രശാസ്ത്രവും എങ്ങിനെ നോക്കി കാണുന്നു എന്ന് ചുരുക്കം ചില വാക്കുകളിൽ സൂചിപ്പിക്കാം….
“ജല – ഗന്ധ – ആർത്തവ – വ്രീഹി – തണ്ഡുലാ ഭൂതപഞ്ചകം…”
പൂജയിങ്കൽ,…വെള്ളം, ചന്ദനം, പൂവ്, നെല്ല്, അരി ഈ അഞ്ചു വസ്തുക്കൾ പഞ്ചഭൂതങ്ങളെ കുറിക്കുന്നു…
ഈ അഞ്ചും കൂട്ടിയെടുത്തിട്ടാണ്, ദേവനെ തന്നിൽ നിന്നോ പ്രകൃതിയിൽ നിന്നോ ആവാഹിക്കുന്നത്…
പൃഥ്വി – ചന്ദനം
ജലം – വെള്ളം
അഗ്നി – നെല്ല്
വായു – അരി
ആകാശം – പൂവ്
ഇവിടെ നെല്ല് അഗ്നിയുടെയും അരി വായുവിന്റെയും പ്രതീകമാണ്…
മൂലാധാര ചൈതന്യത്തെ വായ്വഗ്നിക്കളുടെ സഹായം കൂടാതെ മേൽക്കുമേൽ ഉയർത്താൻ കഴിയില്ല…
ശരീരത്തിനുള്ളിലെ വായുവായ പ്രാണൻ നിലനിൽക്കുന്നത് കൊണ്ടാണ്, ഊഷ്മാവ് ജഠരാഗ്നി തുടങ്ങിയ അഗ്നികൾ നിലകൊള്ളുന്നത്…
അഗ്നിയുടെ ചലനത്തിന്, നിലനിൽപ്പിന് വായു അത്യാവശ്യവുമാണ്…
ഈ രണ്ടു ഭൂതങ്ങളും തമ്മിൽ അഭേദ്യ ബന്ധവുമുണ്ടെന്ന് കാണാം…
അഗ്നിയെ ജ്വലിപ്പിക്കാൻ വേണ്ടി വായു ഉപയോഗിക്കുന്നുമുണ്ട്… (അടുക്കളയിലും ഹോമകുണ്ഡത്തിലും ഈ കാഴ്ച കാണാം)
അഗ്നിക്കുള്ളിൽ വായു ഉണ്ട് എന്ന് പറഞ്ഞാലും തെറ്റില്ല…
(നെല്ലിനുള്ളിൽ അരിയുണ്ടല്ലോ)
പൃഥ്വിയുടെ പ്രതീകമായിട്ടാണ് പത്മം വരയ്ക്കുന്നത് (കളമെഴുത്ത് എന്നും പറയാം )
അതിനു മേലെ ഇലകളിൽ നെല്ലും അരിയും വയ്ക്കുന്നത് കണ്ടിട്ടുണ്ടല്ലോ
(വായുവും അഗ്നിയും ആയി)
ഇതിനു മേലെ വസ്ത്രം വയ്ക്കും…
വസ്ത്രത്തിന് അംബരം എന്ന് പര്യായം ഉള്ളത് കേട്ടിട്ടുണ്ടാവും…അംബരത്തിന് ആകാശം എന്നു കൂടി അർത്ഥമുള്ളത് അറിയാമല്ലോ..അതിന്റെ മേലെ ഒരു നാളികേരം വയ്ക്കുന്നു…
നാളികേരത്തിൽ ജലം അന്തർഭവിക്കുന്നു…പഞ്ചഭൂതങ്ങൾ അഞ്ചും ആയല്ലോ…
ഇങ്ങനെ സെറ്റ് ചെയ്തു വച്ചിരിക്കുന്നതിലേക്കാണ് ദേവനെ ആവാഹിച്ച് പൂജിക്കുന്നത്…
ഇതൊന്നുമില്ലാതെ ദേവനെ ഒരിടത്ത് കൽപ്പിക്കണമെങ്കിൽ പോലും വഴിയുണ്ട്…
ചാണകമോ മറ്റോ മെഴുകി ശുദ്ധമാക്കിയ ഇടത്ത്, കുറുമ്പുല്ലിന്റെ കൂട്ടത്തിൽ നെല്ലും അരിയും മിശ്രിതമാക്കിയിട്ട ശേഷം അതിലേക്ക് മൂർത്തി കൽപ്പിക്കാൻ വിധിയുണ്ട് …
( ഇവിടെ പഞ്ചഭൂതങ്ങളിൽ മറ്റെല്ലാത്തിനെക്കാളും വായു-അഗ്നികൾക്ക് ഉള്ള സവിശേഷ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത് )
സുപ്രധാന ചടങ്ങുകളിൽ ഒക്കെയും ഗുരുജനങ്ങൾ അക്ഷതം ശിരസ്സിലേക്കിട്ട് അനുഗ്രഹിക്കുന്ന കാഴ്ച കാണാൻ സാധിക്കും…
എന്താണ് ശരിക്കും അതുകൊണ്ട് അർത്ഥമാക്കുന്നത്…
വായ്വഗ്നികളുടെ സംയോഗത്താൽ ഉയർന്ന കുണ്ഡലിനി സഹസ്രാര പത്മത്തിൽ എത്തിയതിനു ശേഷം നടത്തുന്ന അമൃതപ്ലാവനം പോലെ…
അമൃത് മുകളിൽ നിന്നും താഴേക്കാണ് ഒഴുകുക…അതേപോലെ ഉയരത്തിൽ നിന്നും താഴേക്ക് അക്ഷതത്തെ വർഷിക്കുന്നു…
അക്ഷതം ഇടുന്നയാളുടെ കരങ്ങൾ, അയാളുടെ ശിരസ്സിനേക്കാൾ ഉയരത്തിൽ നിന്നും താഴെ ഇരിക്കുന്ന വ്യക്തിയുടെ ശിരസ്സ് ലക്ഷ്യമാക്കിയാണ് വിതറുക…
ഇത് അമൃതവർഷണത്തിന്റെ പ്രതീകാത്മ ചടങ്ങാണ്…
ഇനി അയോദ്ധ്യയിലേക്ക് വരാം…
കേരളത്തിലെ ക്ഷേത്രപ്രതിഷ്ഠകൾക്ക്, അതു പോലെ ഉത്സവബലി മാതിരിയുള്ള സുപ്രധാനക്രിയകൾക്ക് മുൻപായി, മരപ്പാണി കൊട്ടുന്നത് നിങ്ങളിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാവും…
ചടങ്ങിലേക്ക് സകല ദേവഗണങ്ങളെയും ക്ഷണിക്കുന്നതാണ് അതിന്റെ ഉദ്ദേശം…
( വളരെ പ്രത്യേകതകളുള്ള ഒരു വിശേഷവാദ്യമാണ് മരപ്പാണി )
സമാനമാണ് അക്ഷതത്തിന്റെ കഥയും…
“രാംലല്ല” അഥവാ “കുഞ്ഞ് രാമൻ” ജനുവരി 22ന് പ്രതിഷ്ഠിക്കപ്പെടുകയാണ്
സാധാരണ ഗതിയിൽ ഒരു ചടങ്ങിലേക്ക് എത്തുന്നവർക്ക്, അനുഗ്രഹിക്കാനുള്ള അക്ഷതം അവിടെ നിന്നാണ് നൽകുക…
എല്ലാവർക്കും പോയി അയോദ്ധ്യയിലെ പ്രതിഷ്ഠാ ക്രിയയ്ക്കു ശേഷം ദേവനെ അരിയിട്ടുവാഴ്ച നടത്താൻ കഴിയില്ല…
പക്ഷേ നിങ്ങളുടെ എല്ലാവരുടെയും സ്നേഹാശീർവാദങ്ങൾ പ്രതിഷ്ഠയ്ക്ക് ആവശ്യമാണ്…
ഇവിടെ ഒരു സംശയം വരും :
നമ്മുടെ ആശീർവാദം ദേവതയ്ക്ക് ആവശ്യമുണ്ടോ ???
ഈശ്വരന് ആവശ്യമില്ല…
പക്ഷേ ദേവതയ്ക്ക് ആവശ്യമുണ്ട്… കാരണം ദേവതമാർ എപ്പോഴും മനുഷ്യരോട് ചേർന്ന് ഇടപെടുന്നവരാണ്…
അവർ നമ്മുടെ സ്നേഹം കാംക്ഷിക്കുന്നവരാണ്…
നമ്മുടെ വീട്ടിലേക്ക് എത്തിയ അക്ഷതത്തിന് നിങ്ങൾ കരുതുന്നതിനും അപ്പുറമുള്ള മാനം ഉണ്ട്…
എനിക്കു വേണ്ടി പോരാടിയ നിങ്ങളുടെ പൂർവ്വികരോടുള്ള നന്ദി…നിങ്ങളുടെയെല്ലാം ഹൃദയത്തിൽ എന്നെ കുടിയേറ്റി വച്ചിരിക്കുന്നതിന് ഞാൻ തിരികെ തരേണ്ട സ്നേഹം…
അതൊക്കെയാണ് ആ അക്ഷതം…🧡
ദേവനിർമ്മിതമായ ഈ പുണ്യഭൂമിയിൽ നിങ്ങൾക്ക് മുന്നേ ജനിച്ച ഒരു പൂർവ്വികനായ എന്റെ ഗൃഹപ്രവേശത്തിന് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു…
വന്ന് ആശീർവദിക്കാൻ വേണ്ടി ഇതാ അക്ഷതം കൊടുത്തു വിടുന്നു…💞
പോയി ആശീർവദിക്കാൻ പറ്റാത്തതുകൊണ്ട് നമ്മൾ ആ അക്ഷതം വിളക്കിന് ചുവട്ടിൽ വച്ച് മനസ്സാലെ ഭഗവാന് സ്നേഹം പകരുന്നു…🥰 ഉണ്ണിക്കണ്ണനെ എത്ര മാത്രം സ്നേഹത്തോടെ നമ്മൾ പരിപാലിക്കുന്നു, അതേ സ്നേഹം നമ്മൾ ഇനി കുഞ്ഞ് രാമനുമായും പങ്കുവയ്ക്കുന്നു…😍
“ഇപ്പൊ എല്ലാം മംഗളമായി നടക്കട്ടെ,
ഈ തിരക്കിനിടയിൽ വരുന്നില്ല,
ഒരീസം അങ്ങ്ട് വരും ട്ടാ”….എന്ന് മനസ്സിൽ പറഞ്ഞു വേണം ഗൃഹത്തിലേക്ക് അക്ഷതം സ്വീകരിക്കാൻ…🙏
– പി.എസ്. മഹേന്ദ്ര കുമാർ
Discussion about this post