സമൃദ്ധമായി വളരുന്ന മുടി പുരുഷന്മാരുടെയും സ്ത്രീകളുടെയും ആവശ്യമാണ്. അതിനായി നാം പലവിധ എണ്ണകളും ഷാംപൂകളും ഉപയോഗിക്കുകയും, ബ്യൂട്ടിപാർലറുകളിൽ പോയി വിവിധങ്ങളായ കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു. എന്നാൽ എന്തൊക്കെ ചെയ്തിട്ടും ഇതൊന്നും ഫലം കാണാത്ത കൂട്ടർ നമുക്കിടയിൽ ഉണ്ടാകും. അതിന് കാരണവും ഉണ്ട്. മുടി സംരക്ഷണത്തിൽ നമുക്ക് പറ്റുന്ന ചില അബദ്ധങ്ങളാണ് ഇതിന് കാരണം. ഇതൊഴിവാക്കിയാൽ സമൃദ്ധമായ മുടി വളരും.
മുടി വളരാൻ തല വൃത്തിയോടെ സൂക്ഷിക്കണമെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഇതിനായി നാം ഷാപൂകളും ഉപയോഗിക്കാറുണ്ട്. എന്നാൽ കണ്ടീഷണർ ഇടേണ്ടതിനെക്കുറിച്ച് വലിയ ധാരണ ആർക്കും ഇല്ല. മുടി ഷാംപു ഉപയോഗിച്ച് കഴുകിയാൽ കണ്ടീഷണർ ഉറപ്പായും ഉപയോഗിക്കണം. അല്ലെങ്കിൽ മുടി പിളരുക, അറ്റം പൊട്ടൽ, മുടികൊഴിച്ചിൽ, വരണ്ട മുടി എന്നിവയ്ക്ക് കാരണം ആകും.
നനഞ്ഞ മുടി ചീകുന്നവർ ആയിരിക്കും നമ്മളിൽ 90 ശതമാനം ആളുകളും. ഇത് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നനഞ്ഞ മുടി ഒരിക്കലും ചീകരുത്. ഇത് വരണ്ട മുടിയ്ക്കും മുടി കൊഴിച്ചിലിനും കാരണം ആകും. അതിനാൽ ഉണങ്ങിയ ശേഷം മാത്രം ചീകുക. ചീർപ്പ് തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം. പല്ല് നല്ല വിടവുള്ള ചീർപ്പുകൾ കൊണ്ടേ മുടി ചീകാവു.
കുളിക്കാനായി ഒരു തോർത്ത് മാത്രമാണ് നാം ഉപയോഗിക്കാറുള്ളത്. മുടിയും ശരീരവും ഇത് കൊണ്ട് തുടയ്ക്കും. ശരീരം തുടയ്ക്കാൻ ഉപയോഗിക്കുന്ന ടവൽ മുടി തുടയ്ക്കാൻ എടുക്കരുത് എന്നാണ് വിദഗ്ധർ പറയുന്നത്. മൈക്രോ ഫൈബർ കൊണ്ടുള്ള തുണികൾ കൊണ്ടുള്ള ടവലുകൾ വേണം മുടി തുടയ്ക്കാൻ ഉപയോഗിക്കേണ്ടത്.
ചൂട് വെള്ളം ഉപയോഗിച്ച് തല കഴുകരുത്. ഇത് മുടി വേരുകൾ ദുർബലമാകുന്നതിനും മുടി കൊഴിച്ചിലിനും കാരണം ആകും. അതിനാൽ പച്ചവെള്ളം കൊണ്ട് വേണം മുടി കഴുകാൻ. ദിവസം തല കഴുകാതെ ഒന്നരാടം മാത്രം തല നനയ്ക്കുന്നതും മുടിയ്ക്ക് ഗുണം ചെയ്യും.
മുടി അമർത്തി ചീകുകയോ, ഷാംപൂ അമർത്തി തേയ്ക്കുകയോ ചെയ്യരുത്. ഇത് മുടി കൊഴിയാൻ കാരണമാകും. അളവിൽ അധികം ഷാംപൂ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.
Discussion about this post