പാരിസ്: ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ രാജിവച്ചു. ഇന്നലെ ഏറെ വൈകിയായിരുന്നു എലിസബത്ത് ബോണിന്റെ രാജി പ്രഖ്യാപനം. എലിസബത്ത് ബോണിന്റെ കീഴിൽ നടപ്പിലാക്കിയ പെൻഷൻ സമ്പ്രദായത്തിലെയും കുടിയേറ്റ നിയമത്തിലെയും പരിഷ്‌കരണങ്ങൾ സർക്കാരിന് കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജി.
യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിന് ഇനി അഞ്ച് മാസം മാത്രമാണ് ബാക്കി. ഇതിനിടെയാണ് പ്രധാനമന്ത്രി രാജിവച്ചിരിക്കുന്നത്. എലിസബത്തിന്റെ പിൻഗാമിയെ തിരഞ്ഞെടുത്തിട്ടില്ല. അടുത്ത ദിവസം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തും. നിലവിലെ വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേൽ അട്ടാലോ, പ്രതിരോധ മന്ത്രി സെബാസ്റ്റിയൻ ലെകോർണുവോ ഫ്രാൻസിന്റെ പ്രധാനമന്ത്രി ആയേക്കുമെന്നാണ് സൂചന.
കുടിയേറ്റ നിയമങ്ങളിൽ പരിഷ്‌കരം കൊണ്ടുവന്നതിനേ തുടർന്ന് ശക്തമായ എതിർപ്പാണ് ആളുകളിൽ നിന്നും ഉയർന്നു വന്നിരുന്നത്. ഇതിന് പിന്നാലെ സർക്കാർ പുന:സംഘടിപ്പിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് എലിസബത്തിന്റെ രാജി. ഫ്രാൻസിന്റെ പ്രസിഡന്റ് ആകുന്ന രണ്ടാമത്തെ വനിതയാണ് എലിസബത്ത് ബോൺ.
Discussion about this post