ന്യൂഡൽഹി: പ്രധാനമന്ത്രിയ്‌ക്കെതിരായ മന്ത്രിമാരുടെ പരാമർശത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ്സു ഇന്ത്യയിലേക്ക്. ഈ മാസം അവസാനത്തോടെ മാലിദ്വീപ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ മന്ത്രിമാർ നടത്തിയ പരാമർശം വിവിധ രംഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് മാലിദ്വീപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.
മാലിദ്വീപ് വിദേശകാര്യമന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ടവിവരം പുറത്തുവിട്ടത്. എന്നാൽ കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. നിലവിൽ ഷി ജിംഗ് പിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കായി ചൈനയിലാണ് മുയിസ്സു. ഇവിടെ നിന്നും നേരെ ഇന്ത്യയിലേക്ക് വന്നേക്കാമെന്നാണ് സൂചന. പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കും.
പ്രധാനമന്ത്രിയ്‌ക്കെതിരായ പരാമർശം നിലവിൽ മാലിദ്വീപിന്റെ ടൂറിസം മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള നിരവധി പേരാണ് മാലിദ്വീപിലേക്കുള്ള യാത്ര ഒഴിവാക്കിയത്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളാക്കുന്നത് മാലിദ്വീപിന് ബുദ്ധിയല്ലെന്നാണ് നിലവിലെ വിലയിരുത്തൽ. മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് തൽക്കാലത്തേക്ക് തടിതപ്പിയെങ്കിലും മുയിസുവിനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്. മുയിസു രാജിവയ്ക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്ത്യ സന്ദർശിക്കാനുള്ള തീരുമാനം.
Discussion about this post