മുംബൈ: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം സ്വീകരിച്ച് ബോളിവുഡ് താരം ജാക്കി ഷ്രോഫും കുടുംബവും. ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് ശ്രീ സുനിൽ അംബേക്കർജി ആണ് അക്ഷതവും രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ക്ഷണിച്ചുകൊണ്ടുള്ള ക്ഷണപത്രികയും കൈമാറിയത്. ജാക്കി ഷ്രോഫിനെ കൂടാതെ മകൻ ടൈഗർ ഷ്രോഫ്, ഭാര്യ അയേഷ ഷ്രോഫ് എന്നിവരും അക്ഷതം സ്വീകരിച്ചു.
ഗായകൻ പി ജയചന്ദ്രനും അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി. ആർഎസ്എസ് തൃശ്ശൂർ ജില്ലാ സഹ സംഘചാലക് ഗോപാലകൃഷ്ണൻ, സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെവി രാജീവ്, സേവന വാർത്ത ചീഫ് എഡിറ്റർ പിഎ സന്തോഷ്, അയ്യന്തോൾ മണ്ഡൽ ബൗദ്ധിക് പ്രമുഖ് ശ്രീകുമാർ, ബിജെ.പി മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി.മേനോൻ എന്നിവർ ചേർന്നാണ് അദ്ദേഹത്തിന് അക്ഷതവും ക്ഷേത്ര മാതൃകയുടെ ചിത്രവും കൈമാറിയത്. അക്ഷതം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം ശ്രീരാമനെ സ്തുതിച്ച് ഭജന ആലപിക്കുകയും ചെയ്തു.
ജനുവരി 22ന് ആണ് അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്. നേരത്തെ സിനിമാ താരങ്ങളായ ശ്രീനിവാസൻ ഉണ്ണി മുകുന്ദൻ, ശിവദ, ബാലതാരം ദേവനന്ദ, സംവിധായകൻ വിനയൻ, തുടങ്ങി നിരവധി പേർ അക്ഷതം ഏറ്റുവാങ്ങിയിരുന്നു.
പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് പ്രമുഖ നടന്മാരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിൽ നടൻ രജനികാന്ത് പങ്കെടുക്കുമെന്നാണ് വിവരം. ബിജെപി നേതാവ് അര്‍ജുനമൂര്‍ത്തി രജനികാന്തിന്റെ വസതിയിൽ എത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്.
Discussion about this post