ജന്മഭൂമിയായ അയോധ്യയിൽ രാമന് ക്ഷേത്രം ഒരുങ്ങുമ്പോൾ സീതാദേവിയുടെ നാട്ടിലും ആഘോഷമാണ്. സീതാ ജന്മഭൂമി ആയ നേപ്പാളിലെ ജനക്പൂരിൽ നിന്നും മൂവായിരത്തിലേറെ സമ്മാനങ്ങൾ ആണ് ശ്രീരാമനായി കൊടുത്തയക്കപ്പെടുന്നത്. ആയിരക്കണക്കിന് ആളുകൾ ചേർന്ന് ഘോഷയാത്രയായി ആണ് ഈ സമ്മാനങ്ങൾ അയോധ്യയിലേക്ക് എത്തിച്ചിരിക്കുന്നത്.
വെള്ളി ചെരുപ്പുകൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ വിവിധ സമ്മാനങ്ങൾ ആണ് സീതയുടെ നാട്ടിൽ നിന്നും രാമനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. നേപ്പാളിലെ ജനക്പൂരിലെ രാം ജാങ്കി ക്ഷേത്രത്തിലെ പൂജാരിയായ രാം റോഷൻ ദാസ് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് ഈ സമ്മാനങ്ങൾ കൈമാറി.
നേപ്പാളിലെ ജനക്പൂർ ധാം രാംജാനകി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ഏകദേശം മൂന്ന് ഡസനോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് കർസേവകപുരത്തെത്തിയത്. രാം മന്ദിർ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ആണ് സീതാ ജന്മഭൂമിയിൽ നിന്നും രാമന് സമ്മാനങ്ങളുമായി എത്തിയവരെ സ്വീകരിച്ചത്.
നേപ്പാളും ഇന്ത്യയും തമ്മിലുള്ള ബന്ധം ത്രേതായുഗം മുതലുള്ളതാണെന്ന് രാം മന്ദിർ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ഘോഷയാത്രയെ സ്വീകരിച്ചുകൊണ്ട് വ്യക്തമാക്കി. ജനക്പൂരിലെ ശ്രീരാമ ഭക്തർ കൊണ്ടുവന്ന ഡ്രൈ ഫ്രൂട്ട്സ്, മധുര പലഹാരങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ പ്രസാദമായി അയോധ്യയിലെത്തുന്ന ഭക്തർക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post