ന്യൂഡൽഹി : ഭൂട്ടാനിലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യ അനുകൂല നിലപാടുകളുമായി ശ്രദ്ധ നേടിയിരുന്ന പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷെറിങ് തോബ്‌ഗേ രണ്ടാമതും പ്രധാനമന്ത്രിയാകും. ഭൂട്ടാനുമായി സൗഹൃദം സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഷെറിങ് തോബ്‌ഗേയുടെ ഈ വിജയത്തിലൂടെ ഉണ്ടായിരിക്കുന്നത്.
ഭൂട്ടാൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഷെറിങ് തോബ്‌ഗേയേയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു. “ഭൂട്ടാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് എന്റെ സുഹൃത്ത് ഷെറിങ് തോബ്‌ഗേയ്ക്കും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നമ്മുടെ അതുല്യമായ സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്നാണ് എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത അഭിനന്ദന കുറിപ്പിൽ മോദി വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട അതിർത്തി രാജ്യമാണ് ഭൂട്ടാൻ. ഭൂട്ടാനിലെ ഡോക്ലാം പീഠഭൂമി വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന പോയിന്റാണ്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന രാജ്യം എന്ന നിലയിൽ വേറെ തന്ത്രപ്രധാനമായ മേഖലയാണിത്. ഈ കാരണത്താൽ തന്നെ ഭൂട്ടാനിൽ അതീശത്വം ഉറപ്പിക്കാൻ ഏറെക്കാലമായി ചൈന നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ട്.
നേപ്പാളും മാലിദ്വീപും അടക്കമുള്ള പല രാജ്യങ്ങളെയും തങ്ങളുടെ കൈ പിടിയിൽ ആക്കാൻ ചൈനയ്ക്ക് കഴിഞ്ഞെങ്കിലും ഭൂട്ടാൻ സ്ഥിരമായി ഇന്ത്യ അനുകൂല നിലപാടുകൾ ആണ് സ്വീകരിച്ചു വരുന്നത്. ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ശക്തമായ ബന്ധം പുലർത്തുന്ന നേതാവാണ്ഷെറിങ് തോബ്‌ഗേ.
ഭൂട്ടാനിലെ 47 അംഗ ദേശീയ അസംബ്ലിയിൽ 30 സീറ്റുകളും നേടിക്കൊണ്ടാണ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി വീണ്ടും അധികാരത്തിൽ എത്തിയിരിക്കുന്നത്.
Discussion about this post