തിരുവനന്തപുരം: കോൺഗ്രസിന് ജിന്നയുടെ പ്രേതം ആവേശിച്ചത് കൊണ്ടാണ് അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങിന് പങ്കെടുക്കാത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹമാസ് റാലിയിൽ പങ്കെടുക്കുന്ന കോൺഗ്രസ് രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തെ അവഗണിക്കുന്നത് ഹൈന്ദവ ജനതയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് പൂർണമായും മതമൗലികവാദികൾക്ക് കീഴടങ്ങിക്കഴിഞ്ഞു. പട്ടേലിൻ്റെ കാലത്ത് സോമനാഥ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം നടത്തിയ പാർട്ടി രാഹുലിൻ്റെ കാലത്ത് ശ്രീരാമജന്മഭൂമിയെ തിരസ്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യയിലെ ശ്രീരമാക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിന് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പ്രതിഷ്ഠ ചടങ്ങ് ആർഎസ്എസ്, ബിജെപി പരിപാടിയാണെന്ന് ആരോപിച്ചാണ് കോണ്ഡഗ്രസ് പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ചടങ്ങിനെ ബിജെപിയും ആർഎസ്എസും രാഷ്ട്രീയവൽക്കരിക്കുന്നുവെന്നും ആരോപണമുന്നയിക്കുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ച് പ്രസ്താവനയിറക്കിയത്.
കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണമുണ്ടായിരുന്നത്. ജനുവരി 22നു നടക്കുന്ന പരിപാടിയിലേക്ക് ശ്രീരാമ തീർഥ ട്രസ്റ്റ് ഇവരെ നേരിൽ സന്ദർശിച്ചാണ് ക്ഷണിച്ചത്.
മതം വ്യക്തിപരമായ കാര്യമാണ്. എന്നാൽ ആർഎസ്എസും ബിജെപിയും അയോദ്ധ്യയിലെ ക്ഷേത്ര നിർമാണത്തെ രാഷ്ട്രീയ പദ്ധതിയായാണ് വിഭാവനം ചെയ്തത്. അപൂർണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപിയും ആർഎസ്എസും തിരഞ്ഞെടുപ്പു നേട്ടത്തിന് വേണ്ടി കൊണ്ടുവന്നതാണ്. 2019 ലെ സുപ്രീം കോടതി വിധിയെ ബഹുമാനിക്കുകയും ശ്രീരാമനെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യുമ്പോൾ, പരിപാടിയിലേക്കുള്ള മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, അധിർ രഞ്ജൻ ചൗധരി എന്നിവർക്കുള്ള ക്ഷണം ആദരപൂർവം നിരസിക്കുന്നു” പ്രസ്താവനയിൽ പറയുന്നു.












