എറണാകുളം: പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതിയും പോപ്പുലർ ഫ്രണ്ട് ഭീകരനുമായ സവാദ് റിമാൻഡിൽ. ഈ മാസം 24 വരെയാണ് സവാദിനെ റിമാൻഡ് ചെയ്തത്. പ്രാഥമിക ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം സവാദിനെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു.
തിരിച്ചറിയൽ പരേഡ് പൂർത്തിയാക്കേണ്ടത് ഉണ്ടെന്നും, അതിനാൽ പ്രതിയെ എറണാകുളം സബ് ജയിലിലേക്ക് അയക്കണം എന്നും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കോടതി അംഗീകരിച്ചുകൊണ്ടായിരുന്നു റിമാൻഡ്. നിലവിൽ സവാദ് ഷാജഹാൻ എന്ന പേരിലാണ് അറിയപ്പെടുന്നത് എന്നും എൻഐഎ കോടതിയെ അറിയിച്ചു. കേസിലെ ഒന്നാം പ്രതിയാണ് സവാദ്.
സംഭവ ശേഷം ഒളിവിൽ പോയ സവാദ് കണ്ണൂർ മട്ടന്നൂരിൽ ആയിരുന്നു കഴിഞ്ഞ 13 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നും ഇന്ന് രാവിലെയോടെയായിരുന്നു ഇയാളെ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ എൻഐഎ വാടക വീട് വളഞ്ഞ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
2010 ജൂലൈ 4 നാണ് സവാദിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘം ടി.ജെ ജോസഫിന്റെ കൈവെട്ടിയത്. പ്രവാചക നിന്ദ ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ഭീകര ബന്ധം കണ്ടെത്തിയതിനെ തുടർന്ന് 2011 ൽ കേസ് എൻഐഎയ്ക്ക് വിടുകയായിരുന്നു. മറ്റ് പ്രതികളെ പിടികൂടിയിട്ടും സവാദിനെ കണ്ടെത്താൻ മാത്രം എൻഐഎയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം ഉൾപ്പെടെ എൻഐഎ പ്രഖ്യാപിച്ചിരുന്നു. മട്ടന്നൂരിൽ മരപ്പണി ചെയ്തായിരുന്നു ഇയാൾ ജീവിച്ചിരുന്നത്.
Discussion about this post