കാബൂൾ: ഹിജാബ് നിയമങ്ങൾ തെറ്റിച്ചതിന് അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെയും പെൺകുട്ടികളെയും കസ്റ്റഡിയിലെടുത്ത് തടങ്കലിൽ പാർപ്പിച്ചതിൽ ആശങ്കാകുലരാണെന്ന് യുഎൻ. താലിബാന്റെ സ്വേച്ഛാപരമായ അറസ്റ്റുകളിലും തടങ്കലുകളിലും ആശങ്കയുണ്ടെന്നാണ് അഫ്ഗാനിസ്ഥാനിലെ യുഎൻ മിഷൻ പറഞ്ഞത്. ശാരീരിക അതിക്രമങ്ങളും തടങ്കലുകളും നിന്ദ്യവും അപകടകരവുമാണെന്ന് മിഷൻ മുന്നറിയിപ്പ് നൽകി.
ജനുവരി 1 മുതൽ കാബൂളിലും ഡേകുണ്ടി പ്രവിശ്യയിലും ഹിജാബ് നിർബന്ധിത പ്രചാരണങ്ങൾ തുടരുകയാണെന്നും ധാരാളം സ്ത്രീകളെയും പെൺകുട്ടികളെയും താക്കീത് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തുവെന്ന് യുഎൻ പ്രസ്താവനയിൽ പറയുന്നു.
മോശം ഹിജാബ്’ ധരിച്ചതിന് വനിതാ പോലീസ് ഉദ്യോഗസ്ഥർ സ്ത്രീകളെ കസ്റ്റഡിയിലെടുത്തുവെന്ന് താലിബാൻ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. 2021ൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം താലിബാൻ ഏർപ്പെടുത്തിയ ഡ്രസ് കോഡ് പാലിക്കാത്ത സ്ത്രീകൾക്കെതിരെയുള്ള അടിച്ചമർത്തലിന്റെ ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണിത്
Discussion about this post