ന്യൂഡൽഹി: ഈ മാസം നടക്കാനിരിക്കുന്ന അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചടങ്ങിന് സാക്ഷിയാകാൻ നിയോഗം ലഭിച്ചതിലെ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ഔദ്യോഗിക യു ട്യൂബ് ചാനലിലൂടെയാണ് സന്ദേശം പങ്കുവച്ചത്.
ചരിത്രപരവും ധന്യവുമായ ഈ അവസരത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണെന്ന് അദ്ദേഹം ഓഡിയോ സന്ദേശത്തിൽ പറഞ്ഞു. എല്ലാ ജനങ്ങളിൽ നിന്നും അനുഗ്രഹം തേടുകയാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള രാമ ഭക്തർക്ക് പവിത്രതയേറിയ അവസരമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിക്കാൻ ദൈവം നിയോഗിച്ചതിൽ അനുഗ്രഹീതനാണ്. ഇത് മനസിലാക്കി പതിനൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഇനി പതിനൊന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഈ ചടങ്ങിൽ ഭാരതത്തിലെ എല്ലാ ജനങ്ങളെയും പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ സാധിക്കുന്നത് ജന്മനിയോഗമായി ഞാന്‍ സ്വീകരിക്കുന്നു. ഇത് മനസിലാക്കിക്കൊണ്ട് തന്നെ ഇന്ന് മുതലുള്ള പതിനൊന്ന് ദിവസത്തേക്ക് ഞാൻ വ്രതാനുഷ്ഠാനം തുടങ്ങുകയാണ്. നിങ്ങളുടെയെല്ലാം അനുഗ്രഹം ഞാൻ തേടുകയാണ്. ജീവിതത്തിലാദ്യമായി ആണ് ഞാൻ ഇത്രയേറെ വികാരഭരിതനാകുന്നത്. ഈ സന്ദർഭത്തിൽ ഞാൻ അനുഭവിക്കുന്ന വികാരമെന്തെന്ന് പറഞ്ഞുതരാൻ എനിക്ക് വാക്കുകളില്ല. ആദ്യമായാണ് എനിക്ക് ഇത്തരമൊരു തോന്നലുണ്ടാകുന്നത്. രാജ്യം മുഴുവൻ രാമമന്ത്രത്താൽ മുഴങ്ങാൻ പോകുകയാണ്’- അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. മഹാരാഷ്ട്രയിലെ നാഷിക്കിലെ പഞ്ചവടിയില്‍ യമനിയമങ്ങള്‍ പാലിച്ചാകും പ്രധാനമന്ത്രിയുടെ വ്രതാനുഷ്ഠാനം എന്നാണ് വിവരം.
ജനുവരി 22നാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രാണപ്രതിഷ്ഠക്ക് ഒരാഴ്ച്ച മുൻപ് തന്നെ ഇതോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകൾ ആരംഭിക്കും. വാരണാസിയിൽ നിന്നുള്ള ലക്ഷ്മി കാന്ത് ദീക്ഷിത് ആണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക. 1008 ഹുണ്ടി മഹായാഗവും പ്രതിഷ്ഠാ ചടങ്ങിന്റെ ദിവസം നടക്കും. ആയിരക്കണക്കിന് ഭക്തരെ താമസിക്കാനായി ടെന്റ് സിറ്റികളും അയോദ്ധ്യയിൽ ഒരുങ്ങിക്കഴിഞ്ഞു.
Discussion about this post