കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരുളിയയില്‍ ഹിന്ദു സന്യാസിമാര്‍ക്ക് നേരെ നടന്നത് അതിക്രൂരമായ ആള്‍ക്കൂട്ട ആക്രമണം. ഗംഗാസാഗര്‍ മേളയില്‍ പങ്കെടുക്കാന്‍ പോയ മൂന്ന് സന്യാസിമാരെ ഒരു കൂട്ടം അക്രമികള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മാരകമായി ആക്രമിക്കുകയായിരുന്നു. നിസ്സഹായരായ സന്യാസിമാരെ ആള്‍ക്കൂട്ടം നഗ്നരാക്കി മര്‍ദ്ദിക്കുന്നതിന്റെയും മുടിക്ക് കുത്തിപ്പിടിച്ച് തെരുവിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നു.
മര്‍ദ്ദനമേറ്റ് അവശരായ സന്യാസിമാര്‍ കരുണക്ക് വേണ്ടി യാചിക്കുമ്പോഴും കൂടുതല്‍ ആളുകള്‍ വടികളുമായെത്തി അവരെ നിഷ്കരുണം മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പോലീസ് സാന്നിദ്ധ്യത്തിലായിരുന്നു മര്‍ദ്ദനം.
2020ല്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരിക്കെ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഹിന്ദു സന്യാസിമാര്‍ക്ക് നേരെ നടന്ന അതിക്രൂരമായ ആക്രമണത്തിന് സമാനമായ രീതിയിലായിരുന്നു പുരുളിയയിലും സന്യാസിമാര്‍ ആക്രമിക്കപ്പെട്ടത്. പാല്‍ഘറില്‍ ആക്രമണത്തിന് ഇരയായ സന്യാസിമാര്‍ പോലീസിന്റെ കണ്മുന്നിലായിരുന്നു പിടഞ്ഞുവീണ് മരിച്ചത്.
അതേസമയം പുരുളിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന അക്രമികള്‍ക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു. കേസില്‍ 12 പേര്‍ പിടിയിലായിട്ടുണ്ട്. മറ്റുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറയുന്നു.
Discussion about this post