കോഴിക്കോട്: ഭാര്യയ്ക്ക് റിട്ടയർമെന്റ് ആശംസകൾ നേർന്നുള്ള ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സദാനന്ദൻ മാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. 1994 ഫെബ്രുവരി 6 ന് സിപിഎം പ്രവർത്തകർ ഇരുകാലുകളും വെട്ടിയെടുത്ത് ക്രൂരമായി കൊല്ലാക്കൊല ചെയ്തയാളാണ് സദാനന്ദൻ മാസ്റ്റർ. ഇരുകാലുകളും നഷ്ടപ്പെട്ട സമയത്തും പ്രണയബന്ധത്തിൽ നിന്ന് പിന്മാറാതെ ആശുപത്രി കിടക്കയിലെത്തി ധൈര്യം നൽകി ജീവിതസഖിയായ ആളാണ് വനിതാ റാണി. അദ്ധ്യാപികജോലിയിൽ നിന്ന് വിരമിക്കുന്ന പ്രിയതമയ്ക്ക് എല്ലാം ഓർത്തുകൊണ്ടുള്ള കുറിപ്പാണ് സദാനന്ദൻ മാസ്റ്റർ പങ്കുവച്ചത്.
എന്റെ ടീച്ചറും പടിയിറങ്ങുന്നു….
(അല്പം ‘സ്വ’കാര്യം)
രണ്ടര ദശാബ്ദക്കാലത്തെ സേവനം പൂർത്തിയാക്കി എന്റെ ടീച്ചർ ഇന്ന് (ജനു 12) സ്‌കൂളിൽ നിന്ന് പടിയിറങ്ങുന്നു. യാത്രയയപ്പാണവിടെ. കുറേയേറെ ഓർമകൾ ഉള്ളിൽ തിരയടിക്കുന്നു….
പാനൂർ അണിയാറത്തെ റിട്ട. പോലീസ് ഉദ്യോഗസ്ഥനായ ശങ്കരൻ നമ്പ്യാരുടെയും ജാനകിയമ്മയുടെയും മകൾ വനിതാറാണി ജീവിത പങ്കാളിയായി വന്നത് ഒരു വരദാനമായാണ് കണ്ടത്, ഇപ്പോഴും കരുതുന്നത്.1989 ൽ ആസാമിലെ തേജ്പൂരിൽ അധ്യാപക ബിരുദ പഠന കാലത്താണ് ആ ‘വനിത’യെ ഈ ‘പുരുഷൻ’ കണ്ടുമുട്ടുന്നത്. ഒരു ക്ലാസ്സിലിരുന്ന് പഠിച്ചിരുന്ന കാലത്തെപ്പോഴോ ജീവിതത്തിൽ ഒപ്പം കൂട്ടാവുന്നയാളാണെന്ന തോന്നൽ കടന്നു കൂടി. ഇയാളുടെ കൂടെയങ്ങ് കൂടിയാലോന്ന് മൂപ്പർക്കും തോന്നിക്കാണും. കോഴ്‌സ് കഴിഞ്ഞ് മടങ്ങുമ്പോഴേക്കും രണ്ടു തോന്നലുകളും ചേർന്ന് ഒറ്റ തീരുമാനവുമായി….
1994 ജനുവരി 25 ലെ കാളരാത്രി.
സ്വന്തമായുണ്ടായിരുന്ന കാലുകൾ രണ്ടും ‘വേണ്ടപ്പെട്ട’ ചിലർ ചേർന്ന് കൊണ്ടുപോയി…!
ചുവന്ന് തുരുമ്പിച്ച ‘വിശ്വമാനവ’ ബ്രാന്റ് മഴുവും വാളും കൊണ്ട് തലങ്ങും വിലങ്ങും വെട്ടി അലമ്പാക്കിയ കാലിന്റെ ബാക്കി ഭാഗം കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ തിളങ്ങുന്ന മൂർച്ചയേറിയ സർജിക്കൽ ബ്ലേഡ് കൊണ്ട് ചെത്തിമിനുക്കി ഭംഗിയാക്കി കെട്ടിപ്പൊതിഞ്ഞു. ബോധമുണരുമ്പോൾ പിറ്റേന്ന് കാലത്ത് 10 മണി കഴിഞ്ഞു. കണ്ണു തുറന്നപ്പോൾ വാർഡ് നിറയെ സന്ദർശകർ… ചിലർ വിതുമ്പുന്നു, മറ്റു ചിലർ മുഖം തിരിച്ചു കളയുന്നു. ആർക്കും അടുത്തേക്കു വരാൻ ധൈര്യം വന്നില്ല. മടിച്ചു മടിച്ചു വന്നവരുടെ കൈകളിൽ അമർത്തിപ്പിടിച്ചു. പുഞ്ചിരിക്കാൻ ശ്രമിച്ചു….
തിരക്കിലൂടെ പലരെയും വകഞ്ഞു മാറ്റി രണ്ടു പേർ കട്ടിലിനടുത്തെത്തി. ഒന്ന് എന്റെ വനിതാറാണിയായിരുന്നു…. മറ്റേത് ആളുടെ ചേച്ചിയും. കൂടെ മറ്റു ചില ബന്ധുക്കളും.
പരസ്പരം നോക്കി….
ഒന്നും പറഞ്ഞില്ല. ഒരു നെടുവീർപ്പുമാത്രം.
മറ്റുള്ളവർ കേട്ടോന്നറിയില്ല, അല്പ നേരത്തെ മൗനത്തിനു ശേഷം
ഞാൻ പതുക്കെ പറഞ്ഞു –
”ഇനി എന്നെ കാത്തിരിക്കേണ്ട,
ഞാനിങ്ങനെ…. ‘ പൂർത്തിയാക്കുന്നതിനു മുന്നെ എന്റെ കയ്യിൽ അമർത്തിപ്പിടിച്ചു. കണ്ണുകളിലെ നിശ്ചയദാർഢ്യം ഞാൻ വായിച്ചെടുത്തു. ‘ഞാൻ കൂടെയുണ്ടാകും, ധൈര്യമായിരുന്നോളൂ….’ അല്പനേരം കഴിഞ്ഞ് തിരിഞ്ഞു നടന്നു മറയുന്നതു നോക്കിക്കിടന്നു.
അഞ്ചാറു മാസം കഴിഞ്ഞ് കൃത്രിമക്കാലുകളുമായി തിരിച്ച് നാട്ടിലെത്തി. സ്‌നേഹസമ്പന്നരായ ബന്ധുജനങ്ങളുടെ സാന്നിധ്യത്തിൽ വിവാഹം…. വരിഷ്ഠരായ സംഘ അധികാരിമാരുടെ ആശീർവാദം, സ്വയംസേവക സഹോദരങ്ങളുടെ സ്‌നേഹവായപ്. പെരിഞ്ചേരി അമ്പലത്തിൽ ആയിരങ്ങളുടെ (അതെ, കേട്ടവർ കേട്ടവർ ക്ഷണിക്കാതെ തന്നെ അതിഥികളായെത്തിയിരുന്നു) സാന്നിധ്യത്തിൽ കഴുത്തിൽ മിന്നുകെട്ടി.
വനിതാറാണി സദാനന്ദൻ മാഷിന്റെ ഊന്നുവടിയായി….. കരുത്തായി, കരുതലായി, കണ്ണും കാതുമായി….
പക്ഷെ,
ജീവിതം വഴിമുട്ടിയേക്കുമെന്ന അവസ്ഥ വലിയൊരു കരിനിഴലായി, പ്രതിസന്ധിയായി ഉരുണ്ടു കൂടി…
പതിവുപോലെ സംഘത്തണൽ.
കോഴിക്കോട് ജൻമഭൂമിയിൽ സബ് എഡിറ്ററായി പുനരധിവാസം… പിന്നീട് തൃശൂരിലേക്ക്. ബാക്കിയെല്ലാം ഇന്നലത്തേതു പോലെ,
പങ്കിടാനേറെയുണ്ട്. പക്ഷെ വിസ്തര ഭയം…. പിന്നെയാവട്ടെ.
സ്വർഗീയനായ മുതിർന്ന സംഘ പ്രചാരകൻ കൃഷ്ണപ്പാജി ആശീർവാദമറിയിച്ച് അയച്ച കത്തിൽ ”സഹധർമചാരിണി’ എന്നാണ് നവവധുവിനെ വിശേഷിപ്പിച്ചത്. ആ മഹദ് വചനം അക്ഷരാർത്ഥത്തിൽ സാക്ഷാത്ക്കാരം നേടി. സഹധർമചാരിണി….
വനിത ടീച്ചർ കുട്ടികൾക്ക് പ്രിയപ്പെട്ടവളായി, സഹപ്രവർത്തകർക്ക് സഹായിയായി, വിദ്യാലയത്തിന് വേണ്ടപ്പെട്ടവളായി, രക്ഷിതാക്കൾക്ക് വിശ്വസ്തയായി….. അഭിമാനമുണ്ട്.
ഇനി പൂർണ സമയം എന്നോടൊപ്പം. ഞങ്ങൾക്ക് പുണ്യമായി ഒരു മോളും…..
ഇനി നീട്ടുന്നില്ല,
ബോറടിക്കുന്നുണ്ടാകും.
ഒരു പ്രാർത്ഥന മാത്രം –
ഇനിയൊരു ജന്മമുണ്ടെങ്കിൽ അപ്പോഴും…..
Discussion about this post