കൊച്ചി: ശ്രീരാമക്ഷേത്ര പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച അക്ഷതം സ്വീകരിച്ച് നടി അനുശ്രീ. ആർ എസ് എസ് പ്രാന്ത പ്രചാരക് എസ്. സുദർശനൻ ആണ് അക്ഷതം കൈമാറിയത്. കൊച്ചി മഹാനഗർ സംഘചാലക് അഡ്വ. വിജയകുമാർ, സംവിധായകൻ മുരളികൃഷ്ണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം നടൻ മോഹൻലാലും അക്ഷതം ഏറ്റുവാങ്ങിയിരുന്നു. എളമക്കരയിലെ വസതിയിൽ വച്ച് ആർഎസ്എസ് പ്രാന്ത പ്രചാരകൻ എസ്.സുദർശനിൽനിന്നാണ് അദ്ദേഹം അക്ഷതം ഏറ്റുവാങ്ങിയത്. മോഹൻലാൽ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. അഖില ഭാരതീയ സമ്പർക്ക ടോലി അംഗം എ. ജയകുമാർ, ബിജെപി ഇൻഡസ്ട്രിയൽ സെൽ കൺവീനർ അനൂപ് കുമാർ, ഡോ. ജഗ്ഗു സ്വാമിജി, കൊച്ചി മഹാനഗർ പ്രചാരക് ടി. സനോജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ജനുവരി അഞ്ചിന് നടൻ ഉണ്ണി മുകുന്ദനും അക്ഷതം ഏറ്റുവാങ്ങിയിരുന്നു. ആർഎസ്എസ് ക്ഷേത്രീയ പ്രചാരക് എ. സെന്തിൽകുമാർ രാമക്ഷേത്രത്തിന്റെ ചിത്രവും അക്ഷതവും അദ്ദേഹത്തിന് സമ്മാനിച്ചു.
ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് അൻപത് ലക്ഷം ഹിന്ദു ഭവനങ്ങളിൽ അയോധ്യയിൽ പൂജിച്ച അക്ഷതത്തിന്റെയും രാമക്ഷേത്രത്തിന്റെ ചിത്രവും ക്ഷേത്രചരിതം അടങ്ങുന്ന ലഘുലേഖയുടെയും വിതരണം കേരളത്തിലുടനീളം നടക്കുകയാണ്. പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ദേശീയ തലത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മഹാസമ്പർക്ക യജ്ഞം ജനുവരി 15 വരെ കേരളത്തിലും തുടരും.
Discussion about this post