കൊല്ലം: അര്‍ബുദം എന്ന മഹാവ്യാധിക്ക് മുന്നില്‍ തളരാതെ പോരാടി സ്വജീവിതം ഉജ്ജ്വലമാക്കുകയും അനേകം പേര്‍ക്ക് പ്രചോദനമാകുകയും ചെയ്ത കൊല്ലം സ്വദേശിനിയായ സംരംഭകയെ തേടി രാജ്യത്തിന്റെ ആദരവ്. കൊല്ലം കൊട്ടാരക്കര ഉമ്മന്നൂര്‍ പ്ലാപ്പള്ളി സ്വദേശിനിയും ശ്രീ വിദ്യാധിരാജ ഫൗണ്ടേഷന്‍ മേധാവിയുമായ പ്രസീദ സേതുവിനെ 2024ലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിലേക്ക് അതിഥിയായി ക്ഷണിച്ചിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്.
പ്രധാനമന്ത്രി കേന്ദ്ര കൗശല്‍ വികാസ് യോജന പദ്ധതിയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെയാണ് പ്രസീദ സേതു ദേശീയ ശ്രദ്ധയിലേക്ക് എത്തുന്നത്. സ്വപ്രയത്നത്തിലൂടെ മുന്നേറുന്ന പ്രസീദ ഇന്ന് ഉമ്മന്നൂര്‍ എന്ന ഗ്രാമത്തിന്റെ അഭിമാനമാണ്. സ്കൂൾ കാലഘട്ടത്തിൽ സംസ്ഥാനതല കായിക താരം കൂടിയായിരുന്നു അവര്‍. ജനുവരി 24ന് ഡല്‍ഹിയിലേക്ക് പുറപ്പെടുന്ന പ്രസീദ, പരിപാടികളില്‍ പങ്കെടുത്ത ശേഷം 28ന് മടങ്ങും.
നാരീശക്തിയുടെ അതുല്യ പ്രതീകവും ദേശത്തിന്റെ അഭിമാനവുമായി രാജ്യതലസ്ഥാനത്തേക്ക് പോകുന്ന പ്രസീദ സേതുവിനെ സേവാഭാരതി ഉമ്മന്നൂര്‍ പഞ്ചായത്ത് സമിതി വീട്ടിലെത്തി ആദരിച്ചു. സേവാഭാരതിക്ക് വേണ്ടി ഉമ്മന്നൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് സന്ദീപ് എസ്, സെക്രട്ടറി എസ് കെ ശാന്തു എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചാണ് ആദരിച്ചത്.
Discussion about this post